ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം നടക്കുക.
നേരത്തെ കേസിന്റെ വിവരങ്ങള്‍ തേടി റാന്നി കോടതിയില്‍ ഇഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എഫ്ഐആര്‍ അടക്കം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ കോടതി ആവശ്യം നിരസിച്ചിരുന്നു. പിന്നാലെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇഡിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നും ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടന്നിട്ടുള്ളതിനാല്‍ തങ്ങള്‍ക്ക് അന്വേഷിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ഇഡി ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.കേസില്‍ ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഇഡി കേസെടുക്കാന്‍ അനുമതിക്കായി ഡല്‍ഹിയിലേക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു.

