സിനിമ നിർമാതാവും വ്യവസായിയുമായ ഗോകുലം ഗോപാലനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ചിട്ടിയിൽ ചേർന്ന മുഴുവൻ വ്യക്തികളുടേയും വിവരങ്ങൾ കൈമാറണമെന്ന് ഗോകുലം ഗോപാലനോട് ഇഡി ആവശ്യപ്പെട്ടു. നിലവിൽ ലൈസൻസുള്ള കുറികളുടെ എണ്ണം വ്യക്തമാക്കണമെന്നും, 2022 മുതൽ ഇതുവരെ എത്ര പ്രവാസി ചിട്ടികൾ നടത്തിയിട്ടുണ്ടെന്ന് ഇഡി ചോദ്യമുന്നയിച്ചിട്ടുണ്ട്.
പ്രവാസി ചിട്ടികളിലൂടെ കൈമാറിയിട്ടുള്ള പണത്തിൻ്റെ രേഖകൾ നൽകാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. 22 ന് മുമ്പ് ആവശ്യപ്പെട്ട രേഖകൾ കൈമാറാനാണ് നിർദേശം നൽകിയിട്ടുള്ളത്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഓഫീസുകളില്‍ കഴിഞ്ഞ ദിവസം
എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് ഇഡി സമീപിച്ചിരിക്കുന്നത്.
ചിട്ടിക്കമ്പനിയായ ഗോകുലം എറണാകുളം പാലാരിവട്ടത്തെ ഹോളിഡേ ഇന്‍ എന്ന ഹോട്ടല്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിരുന്നു. സാമ്പത്തിക തിരിമറി,കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ നടന്നിട്ടുണ്ടെന്നാണ് ആരോപണമുള്ളത്. ഗോകുലം ഗോപാലന്റെ ഓഫീസില്‍ നടത്തിയ പരിശോധനയിൽ മൂന്ന് കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. ഫെമ നിയമലംഘനത്തിന്റെ അടിസ്ഥാനത്തിലും ഇഡി വ്യാപക പരിശോധന നടത്തിയിരുന്നു. ഗോകുലം കഴിഞ്ഞ ആറ് മാസമായി നിരീക്ഷണത്തിലായിരുന്നെന്ന് ഇഡി അറിയിച്ചു.