ട്വിറ്റര്‍ മേധാവി സ്ഥാനം ഇലോണ്‍ മസ്‌ക് ഒഴിഞ്ഞു. ട്വിറ്ററിനായി ഒരു പുതിയ സിഇഒ യെ കണ്ടെത്തിയെന്ന് വ്യക്തിയുടെ പേര് പറയാതെ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. ‘എക്‌സ്/ട്വിറ്ററിനായി ഞാന്‍ ഒരു പുതിയ സിഇഒയെ നിയമിച്ചതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവള്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ ചുമതലയേല്‍ക്കും’ മസ്‌ക് ഒരു ട്വീറ്റില്‍ പറഞ്ഞു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറുടെ റോളിലേക്ക് താന്‍ മാറുമെന്നും മസ്‌ക് പറഞ്ഞു. എന്നാൽ ആരെയാണ് ദേഹം തന്റെ പിൻഗാമിയായി തെരെജെടുത്ത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം ട്വിറ്റര്‍ ജീവനക്കാര്‍ തമ്മിലുള്ള സംഭാഷണത്തില്‍ മുന്‍ യാഹൂ സിഇഒ മരിസ മേയറെ നിര്‍ദ്ദേശിച്ചതായും അറിയുന്നുണ്ട്. മുന്‍ യൂട്യൂബ് സിഇഒ സൂസന്‍ വോജ്സിക്കിയും മസ്‌കിന്റെ ബ്രെയിന്‍-ചിപ്പ് സ്റ്റാര്‍ട്ടപ്പായ ന്യൂറലിങ്കിന്റെ ടോപ്പ് എക്സിക്യൂട്ടീവായ ശിവോണ്‍ സിലിസും ട്വിറ്റര്‍ ജീവനക്കാര്‍ ചര്‍ച്ച ചെയ്യുന്ന പേരുകളില്‍ ഉള്‍പ്പെടുന്നു എന്നും വിവരങ്ങൾ പുറത്തുവരുന്നു. മസ്‌കിന്റെ മറ്റ് കമ്പനികളിലെ പ്രമുഖ വനിതാ എക്‌സിക്യൂട്ടീവുകളായ, സ്പേസ് എക്സ് പ്രസിഡന്റ് ഗ്വിന്നേ ഷോട്ട്വെല്‍, ടെസ്ല ഇന്‍ക് ചെയര്‍ റോബിന്‍ ഡെന്‍ഹോം എന്നിവരും ആകാമെന്ന് സിഐ റൂസ്വെല്‍റ്റിലെ സീനിയര്‍ പോര്‍ട്ട്ഫോളിയോ മാനേജര്‍ ജേസണ്‍ ബെനോവിറ്റ്സ് പറഞ്ഞു.
ട്വിറ്ററിലേക്ക് പുതിയൊരു മേധാവിയെ കണ്ടെത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ഡിസംബറില്‍ മസ്‌ക് നടത്തിയ ഒരു ട്വിറ്റര്‍ വോട്ടെടുപ്പില്‍ 57.5% ഉപയോക്താക്കള്‍ മസ്‌ക് സിഇഒ സ്ഥാനം ഒഴിയണമെന്നാണ് വോട്ട് ചെയ്തത്. ഈ ജോലി ഏറ്റെടുക്കാന്‍ പര്യാപ്തമായ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഞാന്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് മസ്‌ക് അന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ആണ് മസ്‌ക് പുതിയ ട്വിറ്റര്‍ ഉടമ എന്ന നിലയില്‍ വലിയ മാറ്റങ്ങൾ നടത്തിയത്. ട്വിറ്ററിന്റെ മുന്‍ സിഇഒ പരാഗ് അഗര്‍വാളിനെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പുറത്താക്കുകയും നവംബറില്‍ അതിന്റെ പകുതിയോളെ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.