ഡൽഹി എക്‌സൈസ് നയ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 10 ദിവസത്തേക്ക് റിമാൻഡ് ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് വ്യാഴാഴ്‌ചയാണ് ഏജൻസി സിസോദിയയെ അറസ്‌റ്റ് ചെയ്‌തത്. ഡൽഹി റോസ് അവന്യൂ കോടതിയെ സമീപിച്ച ഏജൻസി, കേസിൽ സിസോദിയയുടെ പ്രൊഡക്ഷൻ വാറണ്ട് തേടിയിരുന്നു. മനീഷ് സിസോദിയയെ ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിൽ വേണമെന്ന ഇഡിയുടെ ഹർജി പരിഗണിക്കാമെന്ന് മറുപടിയായി കോടതി അറിയിച്ചു.
മാർച്ച് ആറിന് സിബിഐ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതിന് ശേഷം സിസോദിയ ഇതിനകം തിഹാർ ജയിലിലാണ്. 2021-22ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ചാണ് സിസോദിയക്കെതിരെ കേസെടുത്തത്. ഫെബ്രുവരി 26നാണ് ഇദ്ദേഹത്തെ സിബിഐ അറസ്‌റ്റ് ചെയ്‌തത്.