കളമശ്ശേരി സ്ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ കൊച്ചിയിലെ തമ്മനത്തെ വീട്ടിൽ വച്ച് തന്നെയാണ് സ്ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ്. ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ട്. സ്ഫോടനം നടത്തിയതിന്‍റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. ഡൊമിനികിന്‍റെ യുട്യൂബ് ലോഗ് ഇന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
കളമശ്ശേരി സ്‌ഫോടനത്തിനായി ടിഫിന്‍ ബോക്‌സിലല്ല ബോംബ് വെച്ചതെന്ന് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തി. പ്ലാസ്റ്റിക് കവറുകളില്‍ കൊണ്ടുവന്ന ബോംബബുകള്‍ കസേരയുടെ അടിഭാഗത്താണ് വച്ചത്. നാല് കവറുകളിലായിരുന്നു ബോംബുകള്‍. സ്‌ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് പ്രതി ബോംബിനൊപ്പം പെട്രോളും വെച്ചത്. കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ ഹാളില്‍ ഭാര്യാ മാതാവും ഉണ്ടായിരുന്നു. അവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും പ്രതി മൊഴി നല്‍കി.
ഡൊമിനിക്കിന്റെ യൂട്യൂബ് ലോഗിന്‍ വിവരങ്ങള്‍ കൂടുതല്‍ പരിശോധിക്കാനാണ് പൊലീസ് നീക്കം. ഇയാള്‍ ഐഇഡി പ്ലാസ്റ്റിക് കവറിലാണ് നിര്‍മ്മിച്ചത്. പെട്രോളും ബാറ്ററിയും പടക്കവും ഉള്‍പ്പെടെ ഇതിന് ഉപയോഗിച്ചു. ബോംബ് സ്‌ഫോടനത്തിന് റിമോട്ട് കണ്‍ട്രോളും നിര്‍മിച്ചു. സംഭവസ്ഥലത്ത് വെച്ച് ട്രിഗര്‍ ചെയ്യുന്നതും ബോംബ് പൊട്ടിത്തെറിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണ് ഡൊമിനിക്കിന് മറ്റ് സഹായം ലഭിച്ചിട്ടില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. അതേസമയം സ്‌ഫോടന ശേഷം ഇയാള്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ചതായി കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. ഇവര്‍ തമ്മില്‍ ചില സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് വിവരം. സ്‌ഫോടനവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം സുഹൃത്തിനുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ചോദ്യം ചെയ്യല്‍.
യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്താണ് ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് സ്ഥാപിച്ചത്. 2300ഓളം വരുന്ന ആള്‍ക്കൂട്ടത്തിനിടയിലാണ് ബോംബ് സ്ഥാപിച്ചത്. അതേസമയം ബോംബ് സ്ഫോടനത്തിന് പിന്നാലെ സംഭവ സ്ഥലത്തു നിന്ന് പോയ നീല കാറിനെ സംബന്ധിച്ച ദുരൂഹതയും നീങ്ങുകയാണ്. കാറിന്‍റെ നമ്പര്‍ ഒരാള്‍ പൊലീസിനെ വിളിച്ച് അറിയിച്ചതാണ്. ഈ നമ്പറില്‍ മറ്റൊരു കാര്‍ കണ്ടെത്തിയതോടെയാണ് നീല കാര്‍ സംബന്ധിച്ച് സംശയമുണ്ടായത്. എന്നാല്‍ ഈ കാറിന് സ്ഫോടനവുമായി ബന്ധമില്ലെന്നാണ് നിലവില്‍ പൊലീസിന്‍റെ കണ്ടെത്തല്‍. സ്ഫോടനത്തിന് തൊട്ട് പിന്നാലെ ഭയന്ന് അവിടെ നിന്ന് ആരെങ്കിലും പോയതാകാമെന്ന് പൊലീസിന്‍റെ നിഗമനം.
അതിനിടെ കളമശ്ശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. മലയാറ്റൂർ സ്വദേശിയായ 12കാരി ലിബിനയാണ് മരിച്ചത്. സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു ലിബിന. തിങ്കളാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവര്‍ക്ക് പിന്നാലെയാണ് ലിബിനയുടെ മരണം. 25ഓളം പേർ ചികിത്സയിലാണ്.
പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുന്നതിന് മുന്‍പ് ഡൊമിനിക് ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പേജില്‍ വീഡിയോയും പങ്കുവെച്ചിരുന്നു. ഇയാളുടെ ഫോണിൽ നിന്ന് ഞായറാഴ്ച രാവിലെ 9.40ന് കണ്‍വെന്‍ഷന്‍ സെന്റെറിലെത്തിയശേഷം രണ്ട് ഐഇഡി ബോംബുകള്‍ ബോക്സിലാക്കി വെക്കുന്നതിന്റേയും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ട്രിഗര്‍ ചെയ്തശേഷം ഡൊമിനിക് മാര്‍ട്ടിന്‍ ഓടിപ്പോവുന്നതുമെല്ലാം അടങ്ങിയ വീഡിയോ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ബോംബ് വെച്ചത് താനാണെന്നും യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണിതെന്നും ഡൊമിനിക് പറഞ്ഞിരുന്നു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു