ബ്രഹ്മപുരം തീപിടിത്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. വിഷയം ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചിയിൽ നാളെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ അവധി ബാധകം
തീ പൂർണമായി കെടുത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധിയാണ്. എന്നാൽ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.