ന്യൂഡൽഹി: മതിയായ സുരക്ഷയില്ലാതെ വിമാന സർവീസുകള്‍ നടത്തിയതിന് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യ കോക്ക്പിറ്റ് ക്രൂവിന് നോട്ടീസ് നല്‍കി. ഡല്‍ഹി-ടോക്കിയോ, ടോക്കിയോ-ഡല്‍ഹി വിമാനങ്ങളുടെ നാല് പൈലറ്റുമാര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
എയർക്രാഫ്റ്റ് ഡിസ്പാച്ച്, മിനിമം എക്യുപ്‌മെന്റ് ലിസ്റ്റ് (എംഇഎല്‍) പാലിക്കല്‍, ഫ്ലൈറ്റ് ക്രൂ തീരുമാനമെടുക്കല്‍ എന്നിവയില്‍ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എയർ ഇന്ത്യ AI-358, AI-357 വിമാനങ്ങളുടെ പൈലറ്റുമാർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചതായി എയർ ഇന്ത്യ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. രണ്ടാഴ്ചയ്ക്കകം നോട്ടീസിന് വിശദീകരണം നൽകേണ്ടതാണ്. പൈലറ്റുമാരുടെ മറുപടിക്ക് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഡിജിസിഎ അറിയിച്ചു.
ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകളും സിസ്റ്റം തകരാറിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നിട്ടും പൈലറ്റ് വിമാനം പറത്തിയതായി ഡിജിസിഎ നോട്ടീസില്‍ പറഞ്ഞു. AI-358 വിമാനം പറത്തുന്നതിനിടെ ഒരു വാതിലിനടുത്ത് പുകയുടെ ഗന്ധം റിപ്പോർട്ട് ചെയ്തതായും സിവില്‍ ഏവിയേഷൻ അതോറിറ്റി നോട്ടീസില്‍ പറയുന്നു.

