ഹരിയാനയിലെ നൂഹിലെ കെട്ടിടം പൊളിക്കൽ സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി. ക്രമസമാധാന പ്രശ്നത്തിന്റെ മറവില്‍ പ്രത്യേകസമുദായത്തിന്റെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നത് അംഗീകരിക്കാനാകില്ല, നിയമം പാലിക്കാതെ കെട്ടിടം പൊളിക്കുന്നു, ഇതിന് ക്രമസമാധാന പ്രശ്‌നം തന്ത്രപരമായി ഉപയോഗിയുന്നു എന്നും കോടതി പറഞ്ഞു. ക്രമസമാധാന പ്രശ്‌നത്തിന്റെ മറവിൽ പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുകയും വംശീയ ഉന്മൂലനം നടത്തുകയും ചെയ്യുന്നുണ്ടോ എന്നും കോടതി ചോദിച്ചു.
വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹരിയാനയിലെ നൂഹിലെ കെട്ടിടം പൊളിക്കൽ നടപടികൾ കഴിഞ്ഞ ദിവസം പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവച്ചിരുന്നു. വർഗീയ സംഘർഷത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് നിർത്താൻ കോടതി ഉത്തരവിട്ടത്. ഹൈക്കോടതി വിധിയെ തുടർന്ന് ബുൾഡോസർ നടപടി നിർത്തിവയ്ക്കാൻ ഡെപ്യൂട്ടി കമ്മിഷണർ ധീരേന്ദ്ര ഖഡ്ഗത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
വർഗീയ സംഘർഷത്തിനു പിന്നാലെ നൂഹിലെ വീടുകളും കെട്ടിടങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത് വിമർശനത്തിനു വഴിവച്ചിരുന്നു. ഹരിയാനയിലെ നൂഹിൽ വിഎച്ച്പിയും ബജ്രംഗ്ദളും ചേര്‍ന്ന് സംഘടിപ്പിച്ച പദയാത്രക്ക് നേരെ കല്ലെറിഞ്ഞവര്‍ കയറിയിരുന്നതായി കരുതപ്പെടുന്ന കെട്ടിടമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. മൂന്ന് നിലയുള്ള ഹോട്ടല്‍ കെട്ടിടമാണ് ഹരിയാന സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. ഞായറാഴ്ച നൂഹ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 94 സ്ഥിരമായ നിര്‍മ്മിതികളും 212 താല്‍ക്കാലിക നിര്‍മ്മിതികളും സര്‍ക്കാര്‍ പൊളിച്ച് നീക്കിയിരുന്നു.
വർഗീയ കലാപം രൂക്ഷമായ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ തുടരുകയാണ്. പലയിടത്തും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അർധസൈനിക സേനയും നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നു രാവിലെ നാലു മണിക്കൂർ കർഫ്യൂവിന് ഇളവ് നൽകിയിരുന്നു, ഈ സമയത്ത് എടിഎമ്മുകളും തുറന്നു. ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്. സംഘർഷവുമായി ബന്ധപ്പെട്ട് 150 ഓളം പേരെ അറസ്റ്റ് ചെയ്തതായും 56 കേസുകൾ റജിസ്റ്റർ ചെയ്തതായും നുഹ് പൊലീസ് അറിയിച്ചു