ഡൽഹിയിൽ മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ച കാറിടിച്ച് കിലോമീറ്ററുകളോളം വലിച്ചിഴച്ചു മരിച്ച കേസില്‍ മരിച്ച അമൻ വിഹാർ സ്വദേശി അഞ്ജലി സിങ്ങിനൊപ്പം സുഹൃത്തും സ്കൂട്ടറിൽ ഉണ്ടായിരുന്നതായി പൊലീസ് വെളിപ്പെടുത്തി. അതേസമയം പുതുവത്സരാഘോഷത്തിനായി സുഹൃത്തിനൊപ്പം ഹോട്ടലിലെത്തിയ യുവതിഅപകടത്തിന് മുൻപ് സുഹൃത്തുമായി വഴക്കിട്ടുവെന്ന് ഹോട്ടൽ മാനേജർ മൊഴി നൽകി. ഹോട്ടൽ അധികൃതർ ഇരുവരെയും പുറത്താക്കി. ശേഷം സ്കൂട്ടറിൽ കയറി യുവതികൾ പോവുകയായിരുന്നു. യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോൾ ചെറിയ പരിക്കേറ്റ രണ്ടാമത്തെ പെൺകുട്ടി സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. ഹോട്ടലിൽ പുതുവർഷ ആഘോഷത്തിൽ പങ്കെടുത്ത യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുമായി ഇവർ രാത്രി സംസാരിച്ചുവെന്നും പോലീസ് പറയുന്നു. അഞ്ച് പ്രതികളുടെയും രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പ്രതികള്‍ മദ്യലഹരിയിലായിരുന്നോ എന്നറിയാനാണ് രക്തസാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വിഭാഗത്തിലേക്ക് പശിശോനയ്ക്ക് അയച്ചിരിക്കുന്നത്.
സംഭവത്തിൽ റിപ്പോർട്ട് തേടിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ദില്ലി പോലീസ് ഇന്ന് റിപ്പോർട്ട് നൽകും. അമിത്ഷായുടെ നിർദേശ പ്രകാരം മുതിർന്ന ഉദ്യോഗസ്ഥൻ കേസന്വേഷണം ഏറ്റെടുക്കും. സമഗ്രമായ അന്വേഷണ വേണമെന്ന നിലപാടിലാണ് മുതിർന്ന ഉദ്യോഗസ്ഥനെ കേസന്വേഷിക്കാൻ അമിത് ഷാ ചുമതലപ്പെടുത്തിയത്. യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യുവതി പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമാകൂ എന്നാണ് പോലീസ് അറിയിക്കുന്നത്. അതേസമയം കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ലഫ്റ്റനന്റ് ഗവർണർക്കും ദില്ലി പൊലീസിനും എതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്.. ദില്ലി പോലീസിന്റെ വീഴ്ച ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് ആംആദ്മി പാർട്ടിയുടെ നീക്കം.