ഡൽഹി എക്സൈസ് നയ കേസിൽ ആം ആദ്‌മി പാർട്ടി നേതാവ് മനീഷ് സിസോദിയയ്ക്ക് അസുഖബാധിതയായ ഭാര്യയ്‌ക്കൊപ്പം ജൂൺ 3 രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ചിലവഴിക്കാൻ അനുവാദം ലഭിച്ചു. സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിച്ച ഡൽഹി ഹൈക്കോടതി നാളെ ഭാര്യയുടെ മെഡിക്കൽ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. തലച്ചോറിനെയും കേന്ദ്ര നാഡീവ്യൂഹത്തെയും തളർത്താൻ സാധ്യതയുള്ള മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്ന രോഗമാണ് സിസോദിയയുടെ ഭാര്യയ്ക്ക്. കേസിൽ അറസ്‌റ്റിലായതിനെ തുടർന്ന് ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയ സിസോദിയക്ക് കുടുംബാംഗങ്ങൾ ഒഴികെ ആരെയും കാണാൻ കഴിയില്ല.
ഭാര്യയുടെ ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനീഷ് സിസോദിയ ഇടക്കാല ജാമ്യം തേടിയത്. ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയാൻ മാറ്റി. ആരോപണങ്ങൾ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ദിവസം മുമ്പ് ഡൽഹി ഹൈക്കോടതി സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഡൽഹി മദ്യനയ കേസിൽ ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. തിഹാർ ജയിലിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മാർച്ച് 9ന് ഇതേ കേസിൽ മനീഷ് സിസോദിയയെ ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു.