ദില്ലിയിൽ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു ദില്ലി നഗരത്തിലെ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരത്തിൽ കഴിഞ്ഞ ദിവസം നേരിയ പുരോഗതി രേഖപ്പെടുത്തിയ ശേഷമാണ് ബുധനാഴ്‌ച ഗുരുതരാവസ്ഥയിലേക്ക് കൂപ്പുകുത്തിയത്. അനുവദനീയമായതിന്‍റെ മൂന്നിരട്ടിയായി മലിനീകരണ തോത് ഉയർന്നിട്ടുണ്ട്. സുപ്രീംകോടതി വിമർശനമുന്നയിച്ച പശ്ചാത്തലത്തില്‍ ഇക്കാര്യം ചർച്ച ചെയ്യാൻ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായി അടിയന്തര യോഗം വിളിച്ചു. വാഹന നിയന്ത്രണം ശാസ്ത്രീയമല്ലെന്ന സുപ്രീംകോടതി വിമർശനത്തിനു പിന്നാലെയാണ് യോഗം.
ഒരിടവേളയ്ക്ക് ശേഷം ഇന്നലെ വായു ഗുണനിലവാര സൂചിക 400 ന് താഴേക്ക് എത്തുകയും നേരിയ പുരോഗതി കാണിക്കുകയും ചെയ്തിതിരുന്നു. ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 418. പഞ്ചാബി ബാഗ്, ബവാന, ആനന്ദ് വിഹാർ എന്നിവടങ്ങളിലെല്ലാം 450 ന് മുകളിലാണ് തോത്. ദില്ലിക്കടുത്ത് യുപിയിലെ നോയ്ഡയിലും ഹരിയാനയിലെ ഗുരുഗ്രാമിലുമെല്ലാം സ്ഥിതി ഗുരുതരമാണ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം, നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 6 മണിക്ക് 418 ആയാണ് രേഖപ്പെടുത്തിയത്. ആനന്ദ് വിഹാർ, ദ്വാരക, ഷാദിപൂർ, മന്ദിർ മാർഗ്, ഐടിഒ, ആർകെ പുരം, പഞ്ചാബി ബാഗ്, നോർത്ത് കാമ്പസ്, മഥുര റോഡ്, രോഹിണി, പട്‌പർഗഞ്ച്, ഓഖ്‌ല, ഇന്ത്യാ ഗേറ്റ്, മുണ്ട്ക എന്നിവയുൾപ്പെടെ നിരവധി എയർ മോണിറ്ററിംഗ് സ്‌റ്റേഷനുകൾ രാവിലെ 6 മണിക്ക് 400ന് മുകളിൽ എക്യുഐ രേഖപ്പെടുത്തിയിട്ടുണ്ട്.
ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ), ഗ്രേറ്റർ നോയിഡയാണ് 474 എക്യുഐയോടെ ഏറ്റവും മലിനീകരണം നേരിടുന്ന പ്രദേശം. അതേസമയം നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ രാവിലെ 6 മണിക്ക് ‘വളരെ മോശം’ വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി 10 മണിയോടെ ഡൽഹിയിലെ ആനന്ദ് വിഹാറിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 999ൽ എത്തിയിരുന്നു. ദീപാവലിക്ക് മുമ്പ് തന്നെ ഇവിടെ എക്യുഐ ‘അപകടകരമായ’ വിഭാഗത്തിലെത്തിയിരിക്കുകയാണ്
ദേശീയ തലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം മോശമായ സാഹചര്യത്തിൽ വൈക്കോൽ കത്തിക്കുന്നത് നിർത്താൻ പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ സർക്കാരുകരോട് സുപ്രീം കോടതി നിർദ്ദേശിച്ചു. പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലുമായി കാർഷികാവശിഷ്ഠങ്ങൾ കത്തിച്ച രണ്ടായിരത്തിലധികം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പൊലീസിന് കർശന നിർദ്ദേശം കോടതി നല്കിയെങ്കിലും കർഷക രോഷം ഭയന്ന് ഈ സംസ്ഥാനങ്ങൾ ഇടപെടാതെ മാറി നില്ക്കുകയാണ്.