പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ വീണ്ടും അറസ്റ്റ്. കേസിൽ മൂന്നുപേർ കൂടി പിടിയിലായി. കാശിനാഥൻ, അജയ് കുമാർ എന്നിവർക്ക് പുറമെ മറ്റൊരാൾ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. പത്തനംതിട്ട സ്വദേശിയാണ് അറസ്റ്റിലായ അജയകുമാർ. ഇയാളെ ഓളിയിടത്തിൽ നിന്നാണ് പിടിച്ചത്. കേസിലാകെ 18 പ്രതികളാണുള്ളത്. നിലവിൽ 11 പേരാണ് അറസ്റ്റിലായത്.
നാലു പ്രതികളെ കൂടി പിടികൂടാനുണ്ട്. 4 പ്രതികൾക്കായി പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കിയിട്ടുണ്ട്. ഇവര്‍ക്ക് ക്ലാസിലെത്താനും പരീക്ഷ എഴുതാനും സാധിക്കില്ല. കൂടാതെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരും മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തവരുമാണ് ഈ വിദ്യാർത്ഥികളെന്നാണ് വിവരം. ഈ 12 വിദ്യാർത്ഥികളെയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിദ്യാർഥിയുടെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് മരണത്തിന് പിന്നിലെ ആൾക്കൂട്ട വിചാരണയെ സംബന്ധിച്ച കഥ പുറത്തുവന്നത്. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.