ഇന്നലെ വൈകിട്ട് ആറരയോടെയാണ് ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ കരതൊട്ടത്. ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ രണ്ട്പേർ മരിച്ചു. ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. ചിലയിടങ്ങളില്‍ വീടുകള്‍ തകർന്നതായും വിവരമുണ്ട്. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും. വ്യോമ ട്രെയിൻ ഗതാഗതത്തെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചു. 23 ട്രെയിനുകള്‍ റദ്ദാക്കി.
115- മുതല്‍ 125 കിലോമീറ്റർ വേഗതയിലാണ് ബിപോർ ചുഴലിക്കാറ്റ് വീശിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചുഴലിക്കാറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണിലൂടെ ആരാഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. ചുഴലിക്കാറ്റ് നിലവില്‍ നലിയയില്‍ നിന്ന് 30 കിലോമീറ്റര്‍ വടക്കായാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ വടക്കുകിഴക്കന്‍ ദിശയിലേക്ക് നീങ്ങുകയും വൈകുന്നേരത്തോടെ ദക്ഷിണ രാജസ്ഥാനില്‍ ന്യൂനമര്‍ദമായി മാറുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നത്തോടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. രാജസ്ഥാൻ, ദില്ലി, ഹരിയാന എന്നിവിടങ്ങൾ കനത്ത ജാഗ്രതയിലാണ്. വെള്ളിയാഴ്ച രാജസ്ഥാനില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്ടര്‍ ഡോ.മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കരസേന, നാവികസേന, വ്യോമസേന, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്നിവയുള്‍പ്പെടെ എല്ലാ സായുധ സേനകളും ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.