സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ ജീവനൊടുക്കിയ ആതിരയുടെ സുഹൃത്തും കേസിലെ പ്രതിയുമായ അരുൺ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് അരുൺ ആതിരക്കെതിരെ അപകീർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇതിന് പിന്നാലെ തന്നെ പൊലീസ് അരുണിനായി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും അരുൺ ഒളിവിൽ പോയിരുന്നു. തിങ്കളാഴ്ച ആതിര ജീവനൊടുക്കി.
ഒളിവിൽപോയ അരുൺ വിദ്യാധരനെ കണ്ടെത്താൻ നാൽപതംഗ പൊലീസ് സംഘം നാല് ദിവസമായി അന്വേഷണം നടത്തിയിട്ടും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിടെയാണ് കാസർകോട്ട് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് കോട്ടയം പൊലീസിന് വിവരം ലഭിച്ചത്. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അരുണ്‍ ലോഡ്ജില്‍ ഈ മാസം രണ്ടിന് വ്യാജപേരിലാണ് മുറിയെടുത്തത്. രാജേഷ് കുമാര്‍ എന്ന പേരാണ് ലോഡ്ജില്‍ നല്‍കിയത്. പെരിന്തല്‍മണ്ണ സ്വദേശിയാണെന്നും പൈനാപ്പിള്‍ ലോറിയുടെ ഡ്രൈവര്‍ ആണെന്നുമാണ് ലോഡ്ജില്‍ നല്‍കിയത്. പേര് മാറ്റം നടത്തിയതിനാല്‍ ലോഡ്ജ് അധികൃതര്‍ക്ക് സംശയമുണ്ടായതുമില്ല. ഇന്നു രാവിലെയാണ് അരുണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മുറി തുറക്കാതായതോടെ ജീവനക്കാർ പൊലീസ് സഹായത്തോടെ പരിശോധിച്ചപ്പോഴാണ് റൂമിൽ നിന്നും ഐഡി കാർഡ് കണ്ടെത്തിയത്. വോട്ടർ ഐഡി കാർഡും ഡ്രൈവിംഗ് ലൈസൻസുമാണ് മുറിയിൽ നിന്നും കണ്ടെത്തിയത്. ഇതോടെയാണ് കോട്ടയത്തെ സൈബർ കേസിലെ പ്രതിയാണെന്ന് പൊലീസിന് ഉറപ്പായത്.