ബംഗാൾ ഗവർണർ പദവിയിൽ സി.വി.ആനന്ദബോസിനു മധുരമുള്ള തുടക്കം. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ മുൻപാകെ സത്യവാചകം ചൊല്ലിയാണ് ആനന്ദബോസ് ചുമതലയേറ്റത്. മുഖ്യമന്ത്രി, മന്ത്രിമാർ, മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി, ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആനന്ദബോസിന്റെ ഭാര്യയും മകനും കേരളത്തിൽനിന്ന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കളും ചടങ്ങിനെത്തിയിരുന്നു.
മണിപ്പുർ ഗവർണർ ലാ ഗണേശനിൽനിന്നാണ് ആനന്ദബോസ് ചുമതല ഏറ്റെടുത്തത്. ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായപ്പോഴാണ് ലാ ഗണേശന് ബംഗാളിന്റെ അധികച്ചുമതല നൽകിയത്. 1977 കേരള കേഡർ ഐഎ എസ് ഉദ്യോഗസ്ഥനായിരുന്ന ആനന്ദബോസ് മുൻപ് കൊൽക്കത്ത നാഷനൽ മ്യൂസിയത്തിൽ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. സിവിൽ സർവീസിലെത്തുന്നതിനു മുൻപ് എസ്ബിഐയിൽ ഓഫിസറായും കൊൽക്കത്തയിലുണ്ടായിരുന്നു.
രാജ്ഭവനിലേക്ക് രസഗുള അയച്ചാണ് മുഖ്യമന്ത്രി മമത ബാനർജി പുതിയ ഗവർണറെ വരവേറ്റത്. ആനന്ദബോസ് ചുമതലയേൽക്കുന്ന ചടങ്ങിൽനിന്ന് പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി വിട്ടുനിന്നു. ബിജെപി ടിക്കറ്റിൽ ജയിച്ചശേഷം തൃണമൂൽ കോൺഗ്രസിലേക്കു മാറിയ രണ്ട് എംഎൽഎമാർക്കൊപ്പമാണ് ഇരിപ്പിടമൊരുക്കിയതെന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം.