തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക് എതിരെ കടുത്ത നടപടികൾ ഉണ്ടാകും. തരംതാഴ്ത്തലോ പിരിച്ചുവിടലോ ഉണ്ടാകാനാണ് സാധ്യത.
നേരത്തെ ഉത്തര മേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിൽ സസ്പെൻഷന് ശുപാർശ ചെയ്തിരുന്നു. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോർട്ട് നൽകിയത്. എസ് ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. നാല് പൊലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സസ്പെൻഡ് ചെയ്യണമെന്നുമാണ് റിപ്പോർട്ടിലുള്ളത്. പൊലീസുകാര്‍ക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകാനാണ് സാധ്യത. ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങിയേക്കും.
സസ്പെൻഡ് ചെയ്താൽ പോരാ പുറത്താക്കണമെന്ന് മർദനത്തിന് ഇരയായ സുജിത്ത് പറഞ്ഞു. സസ്പൻഷൻ ശുപാർശയിൽ തൃപ്തി ഇല്ലെന്ന് സുജിത്ത് പറഞ്ഞു. ഡ്രൈവറായ സുഹൈറിനെതിരെ നടപടിയില്ല. 5 പേരെയും സർവ്വീസിൽ നിന്നും പുറത്താക്കണം. എല്ലാ പൊലീസ് സ്റ്റേഷനുള്ളിലും സിസിടിവി വേണമെന്ന കേസിൽ കക്ഷി ചേരുമെന്നും സുജിത്ത് പറഞ്ഞു. ജനങ്ങളും പാർട്ടിയും നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും സുജിത്ത് പറഞ്ഞു.