നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഒക്ടോബർ 4ന് മുന്നേ അൻവറിനെതിരെ നടപടിയെടുക്കാൻ സിപിഎം ഒരുങ്ങുന്നു. അൻവറിനോട് വിട്ടുവീഴ്ച വേണ്ടെന്നാണ് സിപിഎം നിലപാട്. അൻവറിന്റെ വാർത്താ സമ്മേളനത്തിനു പിന്നാലെ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തമ്മിൽ ഫോണിൽ ആശയവിനിമയം നടത്തി. രാത്രിയോടെ മുഖ്യമന്ത്രി ഡൽഹിയിലെത്തും. നാളെ ഇരുവരും കേരള ഹൗസിലോ എകെജി ഭവനിലോ കൂടിക്കാഴ്ച നടത്തും.
ഇവരുമായി കൂടിയാലോചന നടത്തി നാളത്തോടെ അൻവറിനെതിരായ നടപടി സിപിഎം പ്രഖ്യാപിച്ചേക്കും. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബിയും എ.വിജയരാഘവും ഡൽഹിയിലുണ്ട്. അന്‍വര്‍ ഇനിയും അച്ചടക്കം ലംഘിച്ചാല്‍ സഹകരണം അവസാനിപ്പിക്കാന്‍ നേരത്തെ തന്നെ നേതാക്കൾ തീരുമാനിച്ചിരുന്നു. പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങളാണ് അൻവർ പറഞ്ഞതെന്നാണ് എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്.
നടത്തിയ വാർത്താസമ്മേളനത്തിൽ സ്വര്‍ണം പൊട്ടിക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറുണ്ടോയെന്നും അന്‍വര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച് സ്വര്‍ണക്കടത്തു കേസുകള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അന്‍വര്‍ വെല്ലുവിളിച്ചു.
‘2021ൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ ആയിരുന്നു മുഖ്യമന്ത്രി. എന്നാൽ ആ സൂര്യൻ ഇപ്പൊൾ കെട്ടുപോയെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ചതിച്ചത് എങ്ങനെയാണെന്ന് ജനങ്ങൾ മനസ്സിലാക്കണം.’- അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വസ്തരായവര്‍ ഈ കേസിലുള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ നിന്നുള്ള സ്വര്‍ണം പൊട്ടിക്കലിലെ പൊലീസ് പങ്കിന്റെ തെളിവുകള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്ത് വിട്ടായിരുന്നു വെല്ലുവിളി.
‘പൊലിസ് അസോസിയേഷൻ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ, പൊലീസിലെ പുഴുക്കുത്തുകൾക്ക് എതിരെ കടുത്ത നടപടികൾ എടുക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് താൻ മുഖ്യമന്ത്രിയെ കാണാൻ പോയത്. താൻ പരാതി നേരിട്ട് കൈമാറി, അത് മുഖ്യമന്ത്രി വായിച്ചു. ശേഷം താൻ മനസ് തുറന്നു സംസാരിച്ചു. മുഖ്യമന്ത്രിയെ പിതാവിന്റെ സ്ഥാനത്ത് കണ്ടാണ് മനസ്സ് തുറന്നത്. എഡിജിപി അജിത് കുമാറിനെയും, ശശിയെയും സൂക്ഷിക്കണം എന്നും അവർ ചതിക്കുമെന്നും’ താൻ പറഞ്ഞു.