എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ച് ഡൽഹി കോടതി. മാർച്ച് 16ന് നേരിട്ട് ഹാജരാകാനാണ് കെജ്‌രിവാളിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നിലധികം സമൻസുകൾ ഒഴിവാക്കിയതിന് പ്രോസിക്യൂഷൻ നടപടി ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ പുതിയ പരാതിയിലാണ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എസിഎംഎം) കോടതി ജഡ്ഡി ദിവ്യ മൽഹോത്രയുടെ ഉത്തരവ്. ഇഡിയുടെ ഏഴാമത്തെ സമൻസും അരവിന്ദ് കെജ്‌രിവാൾ ഒഴിവാക്കിയിരുന്നു
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൻ്റെ (പിഎംഎൽഎ) സെക്ഷൻ 50 പ്രകാരം കെജ്രിവാൾ 4 മുതൽ 8 വരെയുള്ള സമൻസുകൾ മാനിക്കാത്തതുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരാതി നൽകിയത്. കേസ് വീണ്ടും മാർച്ച് 16-ന് വാദം കേൾക്കും. ഇതുവരെ, ഈ കേസിൽ എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, പാർട്ടി കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് വിജയ് നായർ, ചില മദ്യ വ്യവസായികൾ എന്നിവരെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആദ്യത്തെ മൂന്ന് സമൻസുകളിൽ ഹാജരാകാത്തതിന് കെജ്‌രിവാളിനെതിരെ നടപടി ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു. എക്‌സൈസ് പോളിസി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ കെജ്‌രിവാളിൻ്റെ പേര് ഒന്നിലധികം തവണ പരാമർശിച്ചിട്ടുണ്ട്. 2021-22 ലെ എക്‌സൈസ് നയം തയ്യാറാക്കുന്നത് സംബന്ധിച്ച് പ്രതികൾ കെജ്‌രിവാളുമായി ബന്ധപ്പെട്ടിരുന്നതായി ഏജൻസി അറിയിച്ചു.
അതേസമയം താൻ ബിജെപിയിൽ ചേർന്നാൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സമൻസ് അയക്കുന്നത് നിർത്തുമെന്ന് അരവിന്ദ് കെജ്‌രിവാൾ പരിഹസിച്ചു. പ്രതിപക്ഷ നേതാക്കളെ ബിജെപിയിൽ ചേരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർബന്ധിതരാക്കുന്നു. ഇതുവരെ ഇ.ഡിയുടെ എട്ട് സമൻസുകൾ തള്ളിയ ഡൽഹി മുഖ്യമന്ത്രി ഒരു എക്‌സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.