പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി നൽകിയ രണ്ടാമത്തെ പീഡന പരാതിയിൽ അറസ്റ്റ് തടയാതെ കോടതി. മൂൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അറസ്റ്റ് തടയണമെന്ന് രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമാണ് പ്രതിഭാഗം ഉയർത്തിയത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആണിതെന്നും അറസ്റ്റ് തടയണമെന്നും രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് വന്ന പരാതിയാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.
പരാതിക്കാരിയുടെ പേരോ സംഭവസ്ഥലമോ വ്യക്തമല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇ മെയില്‍ ഐഡിയിലും പേര് വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാതെയാണ് പരാതി നല്‍കിയത്. എന്നാല്‍ രാഹുല്‍ അംഗമായ പാര്‍ട്ടിയുടെ അധ്യക്ഷനാണ് പരാതി ഡിജിപിക്ക് കൈമാറിയതെന്നും റിപ്പോര്‍ട്ട് പരിഗണിക്കാതെ അറസ്റ്റ് തടയരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് ലൈംഗിക അതിക്രമക്കേസില്‍ കാലതാമസം ബാധകമല്ലെന്നും സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമല്ലോയെന്നും കോടതി നിരീക്ഷിച്ചു.
23 കാരിയായ യുവതി കൂടി രാഹുലിനെതിരേ പരാതി നല്‍കിയിരുന്നു. ഇതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഈ കേസില്‍ പൊലീസിന് എംഎല്‍എയെ അറസ്റ്റ് ചെയ്യാമെന്ന സാഹചര്യം നിലനില്‍ക്കെയായിരുന്നു മുന്‍കൂര്‍ ജാമ്യം തേടിയത്.
അതിനിടെ ആദ്യ ലൈംഗിക പീഡനപരാതിയിൽ പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്‍ട്ട് തേടി. കേസ് ഡയറി ഹാജരാക്കണമെന്നും നിർദേശിച്ചു. ഹർജി ഡിസംബർ 15ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് രാഹുൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. രാഹുല്‍ തുടർച്ചയായ പത്താം ദിവസവും ഒളിവിലാണ്. നവംബർ 27 ന് മുഖ്യമന്ത്രി പിണറായി വിജയന് യുവതിയും കുടുംബവും നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എംഎൽഎയ്‌ക്കെതിരെ ബലാത്സംഗം, ലൈംഗികാതിക്രമത്തിലൂടെയുള്ള ഗർഭം, നിർബന്ധിത ഗർഭഛിദ്രം എന്നീ കുറ്റങ്ങൾ ചുമത്തി. സ്വകാര്യ നിമിഷങ്ങൾ മാങ്കൂട്ടത്തിൽ വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വിവിധ വകുപ്പുകൾ പ്രകാരം മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു. അതിൽ ബലാത്സംഗത്തിന് സെക്ഷൻ 64, നിർബന്ധിത ഗർഭഛിദ്രത്തിന് സെക്ഷൻ 89, ക്രിമിനൽ വിശ്വാസ വഞ്ചനയ്ക്ക് സെക്ഷൻ 316, ക്രിമിനൽ ഭീഷണിപ്പെടുത്തലിന് സെക്ഷൻ 351, അതിക്രമിച്ചു കടക്കുന്നതിന് സെക്ഷൻ 329, ഗുരുതരമായ പരിക്കേൽപ്പിച്ചതിന് സെക്ഷൻ 116 എന്നിവ ഉൾപ്പെടുന്നു. സ്വകാര്യത ലംഘിക്കുന്നതിന് ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66 ഇ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

