ചൈനയിൽ ഭീതി പരത്തി കോവിഡ് അതിവേഗം പിടിമുറുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. റെക്കോര്‍ഡ് കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗികള്‍ക്ക് ആശുപത്രിയില്‍ കിടക്കകള്‍ ലഭ്യമല്ല. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുകയാണ്. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നില്ല, പല രോഗികള്‍ക്കും ആവശ്യമായ മരുന്നുകള്‍ പോലും ലഭിക്കുന്നില്ല. ചൈനയുടെ വടക്ക് മുതല്‍ തെക്ക് വരെ വ്യാപിച്ചുകിടക്കുന്ന നഗരങ്ങളില്‍ കൊറോണ വ്യാപനം വന്‍തോതില്‍ വര്‍ധിക്കുന്നതായാണ് വിവരം
കഴിഞ്ഞദിവസം കർശന കോവിഡ് നിയന്ത്രണങ്ങളിൽ ചൈനീസ് ഭരണകൂടം ഇളവ് വരുത്തിയിരുന്നു. പിന്നാലെയാണ് കോവിഡ് കേസുകളിൽ ഗണ്യമായ വർധനയുണ്ടായത്. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയും മരണവും രേഖപ്പെടുന്നത് അസാധ്യമാണെന്ന് ബന്ധപ്പെട്ട വകുപ്പുകൾ പറയുന്നു. പ്രതിഷേധത്തെ തുടർന്നാണ് വർഷങ്ങളായി തുടരുന്ന ക്വാറന്‍റീൻ മാനദണ്ഡങ്ങളിലും കൂട്ട പരിശോധനയിലും സർക്കാർ ഇളവ് വരുത്തിയത്.
ചൈനീസ് നഗരങ്ങളിൽ നിലവിൽ ബി.എ.5.2, ബി.എഫ്.7 ഒമിക്രോൺ വകഭേദങ്ങളാണ് പടരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ബെയ്ജിങ്ങിൽ ബി.എഫ്.7 വകഭേദമാണ് പിടിമുറുക്കുന്നത്. ജനസംഖ്യയുടെ 70 ശതമാനത്തിലധികം പേരെയും വൈറസ് ബാധിച്ചതായാണ് കണക്ക്. ചൈനീസ് ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന വയോധികർ വാക്സിൻ എടുക്കാത്തതും ആശങ്ക കൂട്ടുന്നു. ഡോക്ടര്‍മാരുടെയും നഴ്സിംഗ് സ്റ്റാഫുകളുടെയും കുറവ് ആരോഗ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. മരുന്നുകളുടെ ക്ഷാമംകൂടി ആയതോടെ പ്രതിസന്ധി രൂക്ഷമായി. ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ മരിക്കുന്നു. ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കളുടെ കാത്തിരിപ്പുകള്‍ കാണാം. അതേസമയം, 2023ല്‍ ചൈനയില്‍ കൊറോണ വ്യാപനം അതിരൂക്ഷമായി മാറിയേക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇവിടെ മരിക്കാമെന്നും മുന്നറിയിപ്പുകളിലുണ്ട്.