പാലക്കാട്ടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ പി.സരിനെ പുറത്താക്കി കോൺഗ്രസ്. പാർട്ടി വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ പാർട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ് ജനറൽ സെക്രട്ടറി എം.ലിജു വാർത്താക്കുറിപ്പിലൂടെയാണ് പാർട്ടി തീരുമാനം അറിയിച്ചത്. ‘ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പുറത്താക്കി‘– ലിജു വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതോടൊപ്പം കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇനി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ് വാർത്താ സമ്മേളനത്തിൽ ഡോ. പി സരിൻ അറിയിച്ചത്. കെട്ടുറപ്പുള്ള പാർട്ടിയാണ് സിപിഐഎം എന്നും ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് ദുർബലമാണെന്നും സരിൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമർശിച്ചും സരിൻ രംഗത്തെത്തി. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് സരിൻ ഉയർത്തിയത്. കോൺഗ്രസിന്റെ അധഃപതനത്തിന് കാരണം വിഡി സതീശനാണ്. പാർട്ടിയെ ദുർബലപ്പെടുത്തിയത് വിഡി സതീശനാണ്. ആദ്യമായി സതീശൻ നന്നായി സംസാരിച്ചത് ഇന്നലെയാണെന്നും വാർത്താസമ്മേളനത്തിൽ പി സരിൻ പരിഹസിച്ചു. സതീശന് കോൺഗ്രസുകാരോട് ബഹുമാനമില്ലെന്ന് സരിൻ ആരോപിച്ചു. ഞാനാണ് എല്ലാം എന്ന നിലപാടാണ് സതീശനെന്ന് സരിന്റെ വിമർശനം.
രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണ്. അതിന് സ്ഥാനാർത്ഥിത്വത്തിന്റെ നിറം നല്‍കേണ്ട. തന്നെ സ്ഥാനാർത്ഥിയാക്കേണ്ട കാര്യത്തില്‍ സി.പി.എമ്മിനാണ് ബോധ്യം വരേണ്ടത്. അവിടെ മൂവര്‍ സംഘമല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. സി.പി.എം ആവശ്യപ്പെട്ടാല്‍ മത്സരിക്കും. കോണ്‍ഗ്രസ് ഇന്ത്യയുടെ പൊതുസ്വത്താണ്. അതിനെ ഇല്ലാതാക്കുന്നവരെ എതിര്‍ക്കണം. സിപിഎമ്മിലെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും സരിന്‍ വ്യക്തമാക്കി. ധിക്കാരവും ധാർഷ്ട്യവുമാണ് സതീശന്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ പോകുന്നത്. എന്നാൽ 2026ൽ പച്ച തൊടാൻ പറ്റില്ലെന്ന് പി സരിൻ പറയുന്നു. ഞാനാണ് രാജ്യം എന്നപോലെ ഞാനാണ് പാർട്ടി എന്നാണ് സതീശന്റെ നിലപാടെന്ന് സരിൻ പറയുന്നു. 2021ൽ സതീശൻ പ്രതിപക്ഷ നേതാവായതിന്റെ പിന്നാമ്പുറം കഥകൾ മാധ്യമപ്രവർത്തകർ അന്വേഷിക്കണമെന്നും അതൊരു അട്ടിമറിയായിരുന്നുവെന്ന് സരിൻ ആരോപിച്ചു.