ഹിമാചല്‍ പ്രദേശിൽ നിയമസഭാവോട്ടെടുപ്പ് നടന്ന 68 മണ്ഡലങ്ങളില്‍ 39 ഇടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 2017 ൽ 29 സീറ്റുകൾ എന്നയിടത്തുനിന്ന് 39 ലേക്ക് വളർന്നപ്പോൾ തുടര്‍ഭരണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കളത്തിലിറങ്ങിയ ബി.ജെ.പിക്ക് 26 സീറ്റുകളില്‍ മാത്രമാണ് മുന്നേറാനായത്. 2017 ൽ 44 സീറ്റ് നേടിയ ബിജെപി ഇക്കുറി 26 ൽ ഒതുങ്ങാനാണ് സാധ്യത. മുന്‍തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യവും ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരുന്നു. എന്നാല്‍ ഒരു സീറ്റുപോലും നേടാതെ അമ്പേ പരാജയപ്പെടുന്നതാണ് കാണാനായത്. അതിനിടെ കോൺഗ്രസ് എം എൽ എ മാരെ സുരക്ഷിതരാക്കാൻ ശ്രമം തുടങ്ങി. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലുള്ള ഛത്തീസ്ഗഢിലേക്കോ രാജസ്ഥാനിലേക്കോ ഹിമാചല്‍ എം.എല്‍.എമാരെ മാറ്റാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസെന്നാണ് പുറത്തെത്തുന്ന വിവരം. ഏതുവിധത്തിലുള്ള ബി.ജെ.പി. ശ്രമങ്ങളെയും പ്രതിരോധിക്കുക എന്നതാണ് ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമാക്കുന്നത്.
കേവലഭൂരിപക്ഷത്തിന് ആവശ്യമായതില്‍ അധികം സീറ്റുകളില്‍ ലീഡ് ചെയ്യാനായെന്നത് കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. 2021-ല്‍ നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ഫത്തേപ്പുര്‍, അര്‍കി, ജുബ്ബല്‍- കോട്ഖായി നിയമസഭാ മണ്ഡലങ്ങളിലും മണ്ഡി ലോക്‌സഭാ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.