ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, ചണ്ഡീഗഡ്, ഗോവ എന്നിവിടങ്ങളിലെ സീറ്റ് പങ്കിടല്‍ പ്രഖ്യാപിച്ച് എഎപിയും കോണ്‍ഗ്രസും. ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി എന്നീ നാല് സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തും. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് രണ്ടു സീറ്റും ഹരിയാണയില്‍ ഒന്നും നല്‍കാന്‍ തീരുമാനമായി. ഹരിയാനയില്‍ കോണ്‍ഗ്രസ് ഒമ്പത് ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും കുരുക്ഷേത്രയില്‍ നിന്ന് ഒരു സീറ്റ് എഎപിക്ക് നല്‍കിയിട്ടുണ്ടെന്നും വാസ്നിക് അറിയിച്ചു.
സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്നിക്, അരവിന്ദര്‍ സിംഗ് ലൗലി, ദീപക് ബാബരിയ എന്നിവര്‍ പങ്കെടുത്തു. എഎപിയെ പ്രതിനിധീകരിച്ച് അതിഷി, സൗരഭ് ഭരദ്വാജ്, സന്ദീപ് പഥക് എന്നിവരെത്തി. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ശക്തമായ ബദല്‍ നിര്‍മിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചെന്നും ഞങ്ങളുടെ സഖ്യം ബിജെപിയുടെ സമവാക്യങ്ങളെ തകിടം മറിക്കുമോന്നും പഥക് പറഞ്ഞു.
നേരത്തെ നോര്‍ത്ത് വെസ്റ്റ് സീറ്റിലായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്. ആം ആദ്മി പാര്‍ട്ടി നോര്‍ത്ത് വെസ്റ്റ് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ ഈ സീറ്റ് തന്റെ അക്കൗണ്ടില്‍ വരണമെന്ന് ആഗ്രഹിച്ചതാണ് തര്‍ക്കം നീളാന്‍ കാരണം. ഇതിനിടെ ഡല്‍ഹിയിലെ ചർച്ചകൾ ഏറെ വൈകിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തന്നെയാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് പങ്കിടല്‍ കരാര്‍ അവസാന ഘട്ടത്തിലെത്തിയെന്ന് പറഞ്ഞത്. ഡല്‍ഹിയില്‍ എഎപി-കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നായിരുന്നു മറുപടി.
എഎപിക്ക് ഗുജറാത്തില്‍ ഭാവ്നഗറും ബറൂച്ചും ലഭിച്ചപ്പോള്‍ ചണ്ഡീഗഡിലും ഗോവയിലെ രണ്ട് ലോക്സഭാ സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. പഞ്ചാബില്‍ 13 ലോക്സഭാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് ഭരണകക്ഷിയായ എഎപി നേരത്തെ പറഞ്ഞിരുന്ന പഞ്ചാബില്‍ സീറ്റ് പങ്കിടല്‍ കരാര്‍ പ്രഖ്യാപിച്ചിരുന്നില്ല. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ.