ഹരിയാനയിലെ നൂഹിൽ വിഎച്ച്പിയും ബജ്രംഗ്ദളും ചേര്‍ന്ന് സംഘടിപ്പിച്ച പദയാത്രക്ക് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട വർഗ്ഗീയ സംഘർഷം തുടരുകയാണ്. ഗുരുഗ്രാമിൽ അക്രമികൾ ആരാധനാലയം കത്തിച്ചു. അയൽജില്ലയായ നുഹിൽ ആരംഭിച്ച വർഗീയ സംഘർഷം കഴിഞ്ഞയാഴ്ച ഗുരുഗ്രാമിന്റെ ചില ഭാഗങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഇതിനെത്തുടർന്ന് ഗുരുഗ്രാമിൽ 144 സെക്ഷൻ ഏർപ്പെടുത്തിയിരിക്കെയാണ് ഈ ആക്രമണം നടന്നത്.
പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച രാത്രി രതിവാസ് ഗ്രാമത്തിന് സമീപമുള്ള ഭക്ഷണശാലയ്ക്ക് തീയിട്ട കേസിൽ ബിലാസ്പൂർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം സോഹ്‌നയിൽ അക്രമം നടത്തിയതിന് 15 പേരെ ഞായറാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്തു. തുടർന്ന് അവരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായും ഗുരുഗ്രാം പോലീസും അറിയിച്ചു.
വിഎച്ച്പിയും ബജ്രംഗ്ദളും ചേര്‍ന്ന് സംഘടിപ്പിച്ച പദയാത്രക്ക് നേരെ കല്ലെറിഞ്ഞവര്‍ കയറിയിരുന്നതായി കരുതപ്പെടുന്ന കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മൂന്ന് നിലയുള്ള ഹോട്ടല്‍ കെട്ടിടമാണ് ഹരിയാന സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. ഞായറാഴ്ച നൂഹ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 94 സ്ഥിരമായ നിര്‍മ്മിതികളും 212 താല്‍ക്കാലിക നിര്‍മ്മിതികളും സര്‍ക്കാര്‍ പൊളിച്ച് നീക്കിയിരുന്നു.