ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ വർണ്ണശബളമായ അത്തച്ചമയാഘോഷം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി രാജീവ് പതാക ഉയർത്തി. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്നു തുടങ്ങി നഗരം ചുറ്റിയാണ് ഘോഷയാത്ര നടന്നത്. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ചാണ് ഇത്തവണത്തെ ഘോഷയാത്ര നടത്തിയത്. വൻ പൊലീസ് സുരക്ഷയാണ് ഘോഷയാത്രക്കായി വിന്യസിച്ചിരിക്കുന്നത്. ഞായറാഴ്ചയായതിനാലും കാലാവസ്ഥ അനുകൂലമായതിനാലും ഇത്തവണ വലിയ തിരക്കാണ്. മാവേലിമാർ,പുലികളി, തെയ്യം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങി വർണാഭമായ കാഴ്ചകളാണ് അത്തച്ചമയ ഘോഷയാത്രയില്‍ അണിനിരക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ പരിപാടികള്‍ക്ക് ഓഗസ്റ്റ് 27ന് തുടക്കമാകും. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 2 വരെയാണ് പരിപാടികള്‍ നടക്കുക. സംസ്ഥാനതല ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് ജംക്‌ഷൻ വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി ടൂറിസം വകുപ്പ് പ്രഖ്യാപിച്ചു. റോഡിന് ഇരുവശവുമുള്ള സർക്കാർ, പൊതുമേഖലാ, തദ്ദേശ, സ്വയംഭരണ സ്ഥാപനങ്ങൾ ദീപാലങ്കാരമൊരുക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. തനതുഫണ്ടിൽനിന്നു 2 ലക്ഷം രൂപ വരെ വിനിയോഗിക്കാം. ഓണാഘോഷ സമാപനയാത്രയിൽ ഫ്ലോട്ടുകൾ അവതരിപ്പിക്കുന്നതിന് നാലു ലക്ഷം രൂപ വരെ ഓരോ സ്ഥാപനത്തിനും ഉപയോഗിക്കാം. 70 ഓളം കലാരൂപങ്ങൾ അണിനിരന്നു.
അത്തംനാളില്‍ കൊച്ചിരാജാവ് സര്‍വാഭരണ വിഭൂഷിതനായി സര്‍വസൈന്യ സമേതനായി പ്രജകളെ കാണാനെത്തിയതിന്റെ ഓർമ്മപുതുക്കലാണ് അത്തച്ചമയം. ഇത് 1949 ല്‍ നിര്‍ത്തലാക്കി. പിന്നീട് 1961-ല്‍ ഓണം കേരള സര്‍ക്കാര്‍ സംസ്ഥാനോത്സവമാക്കിയതോടെയാണ് ജനകീയ പങ്കാളിത്തത്തോടെ നടത്താന്‍ തീരുമാനിച്ചത്. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ സാംസ്‌കാരിക പരിപാടികളാണ് ഓണത്തോട് അനുബന്ധിച്ച് ആവിഷ്‌കരിച്ചിരിക്കുന്നത്.
കർക്കടകത്തിന്റെ വറുതികൾ അവസാനിപ്പിച്ച് പൊന്നിൻ ചിങ്ങത്തിലെത്തിയ മലയാളിമുറ്റങ്ങൾ പൂക്കളങ്ങളുമായി ഐതിഹ്യപ്പെരുമയിലെ മാവേലിത്തമ്പുരാനെ കാത്തിരിക്കുന്നു. ഇന്നേക്കു പത്താം നാൾ തിരുവോണം. കേരളത്തിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള മലയാളി സമൂഹം ഇനി ആഘോഷത്തിന്റെ നാളുകളാണ്. ഓണവുമായി ആചാരപരമായും വിശ്വാസങ്ങളാലും ബന്ധപ്പെട്ടുകിടക്കുന്ന തൃക്കാക്കര മഹാക്ഷേത്രത്തിൽ 10 ദിവസത്തെ തിരുവോണ ഉത്സവത്തിന് ഇന്നു രാത്രി 8നു കൊടികയറും. ഇത്തവണ വിനായക ചതുർഥിയും അത്തവും ഒന്നിച്ചുവരുന്ന പ്രത്യേകതയുമുണ്ട്.