കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജിവെച്ചു. ഗവർണർ താവർചന്ദ് ഗെലോട്ടിന് രാജി സമർപ്പിച്ചു. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ ബൊമ്മൈ ഇടക്കാല മുഖ്യമന്ത്രിയായി തുടരും.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയാണെങ്കിലും, അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇതൊന്നും ബാധിക്കില്ലെന്നും ബൊമ്മൈ പറഞ്ഞു. 8-10 മാസത്തിനുള്ളിൽ ഞങ്ങൾക്ക് ലോക്സഭാ തിരഞ്ഞെടുപ്പുണ്ട്. ഇത് ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷിഗ്ഗാവ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് യാസിർ അഹമ്മദ് ഖാൻ പത്താനെ 35,978 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി വിജയിച്ചെങ്കിലും, 135 നിയമസഭാ സീറ്റുകളിൽ കോൺഗ്രസ് വൻ വിജയം നേടിയതോടെ സംസ്ഥാനത്ത് ബിജെപിയുടെ തോൽവിയുടെ ഉത്തരവാദിത്തം ബൊമ്മൈ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ 36 ശതമാനത്തിലധികം വോട്ടാണ് ഇത്തവണ ലഭിച്ചത്. എങ്കിലും’എന്ത് വിശകലനം നടത്തിയാലും തോൽവി തോൽവിതന്നെയാണെന്നും ബൊമ്മൈ പറഞ്ഞു.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ 11 മന്ത്രിമാരും പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, മറ്റ് പ്രധാന പാർട്ടി നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ വമ്പൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തിയിട്ടും വൻ പരാജയമാണ് ബിജെപിക്ക് സംസ്ഥാനത്ത് നേരിടേണ്ടിവന്നത്.