മണിപ്പൂരിൽ ശാന്തമാകാതെ വീണ്ടും സംഘർഷം വ്യാപിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ട് ജില്ലകളിൽ കടുത്ത വെടിവയ്പ്പ് നടന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കാങ്‌പോക്‌പി ജില്ലയിലും ബിഷ്‌ണുപൂർ ജില്ലയിലുമാണ് വെടിവയ്പ്പ് നടന്നത്. പുലർച്ചെ നാലരയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ച സൈന്യം ആദ്യം കണ്ണീർ വാതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. തുടർന്ന് ജനക്കൂട്ടത്തെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിവച്ചു.
മണിപ്പൂരിന്റെ പല ഭാഗങ്ങളിലും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. അക്രമ സംഭവങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. അക്രമം ശമനമില്ലാതെ തുടരുന്നതിനാൽ സംസ്ഥാനത്തുടനീളം 118 ചെക്ക് പോയിന്റുകൾ സ്ഥാപിക്കുകയും 326 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.