ന്യൂസിലാൻഡിന്റെ 41-ാമത് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിൻസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. പ്രധാനമന്ത്രി ജസീന്ദ ആർഡേൺ രാജിവച്ചതിനെത്തുടർന്നാണ് ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായത്. ന്യൂസിലൻഡിന്റെ സമ്പദ് വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹിപ്കിൻസ് പ്രതിജ്ഞയെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ലേബർ പാർട്ടിയേയും രാജ്യത്തേയും നയിക്കാൻ ഹിപ്കിൻസിനെ തിരഞ്ഞെടുക്കുന്നത്. ജനുവരി 19നാണ് ജസീന്ത അപ്രതീക്ഷിതമായി രാജിവെയ്ക്കുന്നത്.
കോവിഡ് പ്രതിസന്ധിക്കാലത്തെ പ്രവര്‍ത്തന മികവുകൊണ്ട് ജനപ്രിയനായി മാറിയ നേതാവാണ് ഹിപ്കിന്‍സ്. 2008 ലാണ് ക്രിസ് ആദ്യം പാർലമെന്റിലെത്തുന്നത്. 2020 ൽ ആരോഗ്യമന്ത്രിയായി. പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഏക നോമിനിയായി മാറിയ അദ്ദേഹത്തെ ഞായറാഴ്ച ചേരുന്ന ലേബർ പാർട്ടി കോക്കസിൽ പ്രധാനമന്ത്രിയായി അംഗീകരിക്കുകയായിരുന്നു
അഞ്ചര വർഷത്തെ ഭരണത്തിന് ശേഷമാണ് താൻ രാജിവെക്കുകയാണെന്ന് ജസീന്ദ ആർഡേൺ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഇനി രാജ്യത്തെ നയിക്കാനില്ലെന്നും വീണ്ടും തിരഞ്ഞെടുപ്പിന് ശ്രമിക്കില്ലെന്നും അവർ പറഞ്ഞു. കൂട്ടവെടിവയ്പ്പും കോവിഡ് പ്രതിസന്ധിയുടെ പ്രാരംഭഘട്ടങ്ങളും കൈകാര്യം ചെയ്തതിൽ ഇവർ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിരുന്നു. 2017ൽ അധികാരമേറ്റപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 37കാരിയായ ജസീന്ത.