വിവാദങ്ങളിക്കിടെ ലോകകേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്ന് രാവിലെ അമേരിക്കയിലേക്ക് തിരിച്ചു. രാവിലെ 4.35നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴിയാണ് നൂയോര്‍ക്കിലേക്ക് പോകുക. യുഎസ്, ക്യൂബ സന്ദർശനത്തിനു ശേഷം 19നു പുലർച്ചെ മടങ്ങിയെത്തും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
ലോകകേരളസഭയുടെ സമ്മേളനം 10ന് രാവിലെ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എഎന്‍ ഷംസീര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ചീഫ് സെക്രട്ടറി ഡോ. വിപി ജോയി ഉള്‍പ്പെടെയുള്ളവരും ലോകകേരള സഭാ അംഗങ്ങളും പങ്കെടുക്കും. ജൂണ്‍ 11ന് വൈകിട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രമുഖ പ്രവാസി മലയാളികൾ, ഐടി വിദഗ്ധർ, വിദ്യാർഥികൾ, വനിതാ സംരംഭകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ജൂണ്‍ 14 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഹവാനയിലേക്ക് തിരിക്കും. ജൂണ്‍ 15 ,16 തീയതികളില്‍ ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.ആരോഗ്യ മന്ത്രി വീണ ജോര്‍ജും ക്യൂബ സന്ദര്‍ശന സംഘത്തിലുണ്ട്. ജോസ് മാര്‍ട്ടി ദേശീയ സ്മാരകം അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും.
അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ഇത്തരം യാത്രകള്‍ നടത്തുന്നത് ധൂര്‍ത്താണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിദേശ യാത്ര ധൂർത്തെന്ന പ്രതിപക്ഷ വിമർശനം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സന്ദർശനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.