കര്‍ണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനം നീളുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രി ആക്കാനുള്ള നീക്കത്തിനെതിരെ ഡി കെ ശിവകുമാർ കടുത്ത അതൃപ്തി അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് എഐസിസി നേതൃത്വം അറിയിക്കുന്നത്. അതിനിടെ മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനത്തിന് മുൻപേ സത്യപ്രതിജ്ഞക്ക് തയ്യാറെടുത്തതും, ബെംഗളൂരുവിലെ ആഹ്ളാദ പ്രകടനവും ഡി കെയെ പ്രകോപിപ്പിച്ചു. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തിൽ നിർത്തി. സ്റ്റേജ് അടക്കമുള്ളവയുടെ നിര്‍മ്മാണം നിര്‍ത്തിവച്ചു. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോയി. തൊഴിലാളികൾ സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയതായും റിപോർട്ടുകൾ ഉണ്ട്.
മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡി കെ ശിവകുമാർ. അതിനിടെ രാഹുൽ ഗാന്ധിയെ കാണാനും ശിവകുമാർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഡികെ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ചര്‍ച്ചയ്ക്കുശേഷം മടങ്ങി. വീതംവയ്പാണെങ്കിൽ ആദ്യ ടേം തന്നെ ലഭിക്കണമെന്ന ആവശ്യവും ശിവകുമാർ ഉന്നയിച്ചു.
സിദ്ധരാമയ്യ ഇന്നു വൈകിട്ട് ബെംഗളൂരുവിലേക്ക് മടങ്ങാൻ നിശ്ചയിച്ചിരുന്നെങ്കിലും യാത്ര റദ്ദാക്കി. അന്തിമതീരുമാനം വരുന്നതുവരെ നേതാക്കൾ ഡൽഹിയിൽ തുടരും. രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാല വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുര്‍ജേവാല പറഞ്ഞു.