ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പൈ സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 10 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ചമ്പൈ സോറനോട് ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് അലംഗീർ അലൻ, രാഷ്ട്രീയ ജനതാദളിൻ്റെ (ആർജെഡി) സത്യാനന്ദ് ഭോഗ്ത എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഭൂമി കുംഭകോണക്കേസിൽ ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചമ്പൈ സോറൻ സത്യപ്രതിജ്ഞ ചെയ്യുന്നത്. 10 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ചമ്പൈ സോറനോട് ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്. 43 എംഎൽഎമാർ തങ്ങളുടെ പിന്തുണയിലുണ്ടെന്ന് ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ് പറഞ്ഞിരുന്നു.
അതിനിടെ ഭൂമി തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കാൻ വിസമ്മതിച്ചത്. ഹേമന്ത് സോറനോട് ഝാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനും ബെഞ്ച് നിർദ്ദേശിച്ചു. എന്തുകൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകാത്തതെന്നും ബെഞ്ച് ചോദിച്ചു. “കോടതികൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഹൈക്കോടതികൾ ഭരണഘടനാ കോടതികളാണ്. ഒരാളെ അനുവദിച്ചാൽ എല്ലാവരെയും അനുവദിക്കണം,” സുപ്രീം കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ദിവസമാണ് സോറൻ സുപ്രീം കോടതിയെ സമീപിച്ചത്. അന്വേഷണ ഏജൻസി പുറപ്പെടുവിച്ച സമൻസുകൾ റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹേമന്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിക്ക് വിവേചനാധികാരമുണ്ടെന്നും അത് പ്രയോഗിക്കേണ്ട ഒരു കേസാണിതെന്നും വാദത്തിനിടെ സോറന്റെ അഭിഭാഷകൻ സിബൽ പറഞ്ഞു.