മണിപ്പൂരിലെ രണ്ട് മെയ്‌തേയി വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ അന്വേഷണത്തിനായി സിബിഐ ഡയറക്ടര്‍ പ്രവീണ്‍ സൂദും പ്രത്യേക സംഘവും ഇംഫാലിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് നടപടി. വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരുകളും അക്ഷീണം പ്രയത്‌നിക്കുകയാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞിരുന്നു.
ജൂലൈ ആറിന് കാണാതായ ഹിജാം ലുവാങ്ബി ലിന്തോയിംഗന്‍ബി, ഫിലേം ഹേമാന്‍ജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടൈത്തിയത്. 2023 ജൂലൈ 6 ന് തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന മെയ്‌തേയ് വിദ്യാര്‍ഥികളുടെ മരണത്തില്‍ അമിത് ഷാ ഇടപെടണമെന്ന് മണിപ്പൂര്‍ മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നിയമസഭാംഗങ്ങള്‍ ആഭ്യന്തര മന്ത്രിക്ക് കത്തും എഴുതി.
ഫിജാം ഹേംജിത്ത് (20 ), ഹിജാം ലിന്തോയിംബി (17) എന്നീ രണ്ട് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ എത്രയും വേഗത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
മെയ്‌തേയ് സമുദായത്തിന്റെ പട്ടികവര്‍ഗ പദവി ആവശ്യത്തില്‍ പ്രതിഷേധിച്ച് മെയ് 3 ന് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ 120 ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 3,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമം നിയന്ത്രിക്കുന്നതിനും ക്രമസമാധാനം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുമായി മണിപ്പൂര്‍ പോലീസിന് പുറമെ 40,000 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.