റെയിൽവേയിൽ ജോലി നൽകുന്നതിനായി ഭൂമി കൈക്കൂലിയായി വാങ്ങിയ കേസിൽ ആർജെഡി തലവനും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ചോദ്യം ചെയ്തു. നിലവിൽ ലാലുപ്രസാദ് താമസിക്കുന്ന ഡൽഹിയിലെ പണ്ടാര പാർക്കിലുള്ള മകൾ മിഷ ഭാരതിയുടെ വസതിയിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഏഴ് സി.ബി.ഐ ഉദ്യോഗസ്ഥരുടെ സംഘമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്
2004 മുതൽ 2009 വരെ ബീഹാറിലെ റെയിൽവേ മന്ത്രിയായിരിക്കെയാണ് ജോലി നൽകുന്നതിനായി ലാലു പ്രസാദ് ഉദ്യോഗാർത്ഥികളിൽ നിന്ന് ഭൂമി കൈക്കൂലിയായി വാങ്ങിയതെന്ന് സിബിഐ പറയുന്നു. ലാലു പ്രസാദ് യാദവും ഭാര്യ റാബ്‌റി ദേവിയും ഉൾപ്പെടെ 16 പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങൾക്ക് 2022 ഒക്‌ടോബറിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. 16 പ്രതികൾക്കും മാർച്ച് 15ന് ഹാജരാകാൻ കോടതി ഇന്നലെ സമൻസ് അയച്ചിരുന്നു. പ്രസാദ് ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഫലത്തെ തുടർന്നാണ് കേസെടുത്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഭാരതീയ ജനതാ പാർട്ടിയോടുള്ള അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും എതിർപ്പിന്റെ ഫലമാണ് സിബിഐ നടപടിയെന്ന് ലാലു പ്രസാദിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു.