നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇനി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരനും അഭിഭാഷകനുമായ പ്രവീൺ ബാബു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത് സംബന്ധിച്ച ഹർജി തള്ളിയതിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിധി പകർപ്പ് ലഭ്യമായാൽ അത് പഠിച്ച ശേഷമാവും ഹർജി എങ്ങനെ നൽകണമെന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു
കേരള പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന നിലപാടില കുടുംബത്തോടൊപ്പം അദ്ദേഹവും ഉറച്ച് നിൽക്കുകയാണ്. വിഷയത്തിനാധാരമായ പെട്രോൾ പമ്പിന് എൻഒ.സി ആവശ്യപ്പെട്ട് രംഗത്ത് വന്ന പ്രശാന്തനെ പ്രതിയാക്കണമെന്ന് കാട്ടി താൻ പരാതി നൽകിയിരുന്നു. നാല് മാസമായിട്ടും ഇതിൽ നടപടികളെടുത്തിട്ടില്ല. അന്വേഷണത്തിൽ തീരെ വിശ്വാസമില്ലെന്നും അദ്ദേഹം പറയുന്നു. തനിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തുന്നവർ ശത്രുക്കളാണെന്നും അവർ ആരൊക്കെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പ്രവീൺ ബാബു വ്യക്തമാക്കി.
തങ്ങളുടെ അച്ഛന്റെ സഹോദരനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദം ഉന്നയിക്കുന്നത് നിർത്തണമെന്ന ആവശ്യം നവീൻ ബാബുവിന്റെ കുട്ടികളും മുന്നോട്ട് വെച്ചിട്ടുണ്ട്. അച്ഛനും കൊച്ചച്ചനുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും കൊച്ചച്ചനും മരണം ഇതുവരെ അംഗീകരിക്കാനായിട്ടില്ലെന്നും കുടുംബാംഗങ്ങൾ ആലോചിച്ചാണ് നിയമനടപടികളും കേസും നടത്തുന്നതെന്നും നവീൻ ബാബുവിന്റെ മകൾ വ്യക്തമാക്കി.