150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്സ് സംഘടനയെ കാണാതായെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരിഹാസം. ഡോളറിനെ തകർക്കാനാണ് ബ്രിക്സ് ശ്രമിച്ചത്. ഇതിന് പകരം പുതിയ കറൻസി സൃഷ്ടിക്കാനായിരുന്നു അവരുടെ ശ്രമമെന്നും തീരുവ ചുമത്തുമെന്ന ഭീഷണിക്ക് പിന്നാലെ അഞ്ച് രാജ്യങ്ങളുടെ ഈ സംഘം ചിതറി പോയെന്നും ട്രംപ് പറഞ്ഞു.
താൻ അധികാരത്തിലെത്തിയപ്പോൾ ഡോളറിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് 150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. ബ്രിക്സ് രാജ്യങ്ങളുടെ ഉൽപന്നങ്ങൾ വേണ്ടെന്നും പറഞ്ഞു. തീരുവ ചുമത്തുമെന്ന് പറഞ്ഞതിന് ശേഷം ബ്രിക്സിനെ കുറിച്ച് കേട്ടിട്ടില്ല. അവർക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും ട്രംപ് പരിഹസിച്ചു.
ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുമെന്ന് ഫെബ്രുവരി 13നാണ് ട്രംപ് പറഞ്ഞത്. ജനുവരിയിൽ ഡോളറിന് ബദലയായി പുതിയ കറൻസി പുറത്തിറക്കിയാൽ വലിയ തീരുവ ബ്രിക്സ് രാജ്യങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. 2023ൽ നടന്ന ബ്രിക്സിന്റെ 15ാം സമ്മേളനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനാണ് ഡോളറിന് ബദലായി കറൻസി പുറത്തിറക്കണമെന്ന നിലപാട് എടുത്തത്.
ബ്രിക്സ് രാജ്യങ്ങൾ ദേശീയ കറൻസികൾ വികസിപ്പിക്കുകയും ബാങ്കുകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയും വേണമെന്നും പുടിൻ പറഞ്ഞിരുന്നു. ബ്രിക്‌സിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളാണ് ഉൾപ്പെടുന്നത്.