സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിക്കൊണ്ട് തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിൽ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ ബിജെപി പദ്ധതിയിടുന്നു. ഇതോടെ അടുത്ത വർഷം നടക്കുന്ന തെരെഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വാശിയേറിയ മത്സരത്തിന് വീണ്ടും കളമൊരുങ്ങുകയാണ്. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തി വോട്ടർമാർക്കിടയിൽ കൂടുതൽ ജനകീയമാക്കാനുള്ള നീക്കമാണ് പാര്ടിക്കുള്ളത്. പാർട്ടിക്ക് പുറത്ത് സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വോട്ട് ബാങ്കുണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഇത് മുതലാക്കാനുള്ള ശ്രമം കൂടിയാണ് ബിജെപി നടത്തുന്നത്.
കേന്ദ്രമന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപി തൃശൂർ ലോക്സഭാ സീറ്റിൽ മത്സരിക്കുന്നത് വിജയസാധ്യത കൂട്ടുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. സുരേഷ് ഗോപി മന്ത്രിയാകുമെന്ന് കഴിഞ്ഞവർഷവും അഭ്യൂഹമുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിമാരില്‍ ചിലരെ പാര്‍ട്ടി ചുമതലകളിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. അതിനിടെയാണ് സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്. സംസ്ഥാന നേതൃത്വങ്ങളിലടക്കം മാറ്റമുണ്ടായേക്കുമെന്ന സൂചനയുമുണ്ട്.