സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയി വിശ്വത്തെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തിരഞ്ഞെടുത്തതെന്ന് ഡി രാജ അറിയിച്ചു. 28ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നൽകുമെന്നും ഡി രാജ പറഞ്ഞു.
പാർട്ടി ഏൽപ്പിച്ച കർത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന അതേ അളവിൽ ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും ശ്രമിക്കും. ഇടയ്ക്ക് വിമർശിക്കാറുണ്ടെങ്കിലും മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നൽകിയ പിന്തുണയെ കുറിച്ച് നല്ല ബോധ്യം തനിക്കുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. സഖാവ് കാനത്തിന്റെ ചികിത്സയ്ക്കായി അമൃത ആശുപത്രിയും ജീവനക്കാരും നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം വിട നൽകി. രാവിലെ 11 മണിക്ക് കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് വീട്ടിൽ എത്തിയത്. സംസ്ഥാന ബഹുമതികളോടെയാണ് കാനത്തിന്റെ വീട്ടുവളപ്പിൽ സംസ്കാരം ചടങ്ങുകൾ പൂർത്തിയായത്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ,മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ, സിപിഎം പാർട്ടികളിലെ മുതിർന്ന നേതാക്കൾ അടക്കം കാനത്തെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു. ലാൽസലാം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് കാനത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്. സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ഉൾപ്പടെ ആയിരക്കണക്കിന് പേർ തങ്ങളുടെ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗാവിന്ദൻ, കെ കെ ശൈലജ, പി കെ ശ്രീമതി, എം വിജയകുമാർ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ എന്നിവരും ആദരാഞ്ജലി അർപ്പിച്ചിരുന്നു.