പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും യുവതി കൊല്ലപ്പെട്ട കേസിൽ നടൻ അല്ലു അർജുന് ജാമ്യം. തിയറ്ററിൽ പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ഹൈദരാബാദ് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഈ കേസിൽ അല്ലു അർജുന് ഇടക്കാല ജാമ്യം ആയിരുന്നു ലഭിച്ചിരുന്നത്.
ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 50000 രൂപ വീതമുള്ള രണ്ട് ആൾ ജാമ്യം വേണമെന്നും നടനോട് കോടതി നിർദ്ദേശിച്ചു. ഡിസംബർ 4 നാണ് ഹെെദരാബാദിലെ സന്ധ്യ തിയറ്ററിൽ അല്ലു അർജുൻ നായകനായ പുഷ്പ 2 ൻ്റെ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ സ്ത്രീ കൊല്ലപ്പെടുകയും ഇവരുടെ എട്ട് വയസ്സുള്ള മകന് സാരമായി പരിക്കേൽക്കുന്നതും. കുട്ടി നിലവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
സംഭവം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും കുട്ടി ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുന്നതിനിടെയാണ് നടനും തിയേറ്റർ മാനേജ്‌മെൻ്റും ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത്. അടുത്തിടെ അല്ലു അർജുനും പുഷ്പ 2 വിൻ്റെ നിർമ്മാതാക്കളും കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അല്ലു അർജുൻ ഒരു കോടി രൂപയും മൈത്രി മൂവീസും സംവിധായകൻ സുകുമാറും 50 ലക്ഷം രൂപ വീതവും നൽകി. ചലച്ചിത്ര നിർമ്മാതാവും തെലങ്കാന ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ചെയർമാനുമായ ദിൽ രാജുവാണ് നഷ്ടപരിഹാര തുക കുടുംബത്തിന് കൈമാറിയത്.