മുൻ സുഹൃത്തിന്റെ സൈബർ അധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കടത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരയ്ക്ക് നാട് യാത്രാമൊഴിയേകി. അല്പം മുൻപാണ് ആതിരയുടെ സംസ്കാരം നടന്നത്. കേസിൽ പൊലീസ് നടപടി ഉണ്ടാകുമെന്ന് ഉറപ്പായിട്ടും അരുൺ വിദ്യാധരൻ എന്ന മുൻ സുഹൃത്ത് ഭീഷണിപ്പെടുത്തിയിരുന്നതായി ആതിരയുടെ ബന്ധുക്കൾ പറഞ്ഞു. ആതിരയുടെ മരണശേഷം മുങ്ങിയ അരുൺ വിദ്യാധരനായി തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
ആതിരക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചെന്നറിഞ്ഞതോടെ ഞായറാഴ്ച ഉച്ചയോടെ അരുൺ വിദ്യാധരൻ എന്ന മുൻ സുഹൃത്ത് ആതിരയ്ക്കെതിരെ ഫെയ്സ്ബുക്കിൽ അപകീർത്തി കുറിപ്പുകളിടുകയും ആതിരയുടെ ചിത്രങ്ങൾ മോശം അടിക്കുറിപ്പുകളോടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് ആതിര ആത്മഹത്യ ചെയ്തത് എന്നാണ് കരുതുന്നത്. പൊലീസിൽ പരാതി നൽകിയതിനു ശേഷം അക്കാര്യം കൂടി പറഞ്ഞ് അരുൺ ആതിരയെ ഭീഷണിപ്പെടുത്തി എന്നാണ് അറിയുന്നത്.