തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം ജമ്മുകാശ്മീരിൽ സൈനിക വാഹനത്തിനുനേരെ വെടിയുതിർത്തു. അഖ്‌നൂർ നഗരത്തിലെ ജോഗ്‌വാൻ മേഖലയിലാണ് ആക്രമണം. അഖ്നൂർ സെക്ടറിൽ ഇന്ന് രാവിലെ ഏഴ് മണിയോടുകൂടിയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ജോഗ്വാനിലെ ശിവാസ്സൻ ക്ഷേത്രത്തിന് സമീപമുള്ള ബട്ടാൽ പ്രദേശത്ത് വെച്ചാണ് സൈന്യത്തിന്റെ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തത്. സംഭവത്തെ തുടർന്ന് ഇന്ത്യൻ സൈന്യം പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. മൂന്ന് പേർ ഒന്നിലധികം റൗണ്ടുകളായി വാഹനത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിനുപിന്നാലെ മേഖലയിൽ സൈന്യം വളയുകയും അക്രമികളെ പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്. ദീപാവലി ഉത്സവാഘോഷങ്ങൾക്കായി പ്രദേശത്ത് സേന കൂടുതൽ സുരക്ഷാ സജ്ജീകരണങ്ങൾ നടത്തുന്നതിനിടയിലായിരുന്നു വെടിയുതിർക്കൽ. കഴിഞ്ഞ ഒരാഴ്ചക്കിടെ കശ്മീരിൽ സൈന്യത്തിന് നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്. അടുത്തിടെ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും 12ൽ കൂടുതൽ ആളുകളും കൊല്ലപ്പെടുകയും ചെയ്തു.
ഒക്ടോബർ 24നും ജമ്മുകാശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിനുനേരെ ആക്രമണമുണ്ടായി. സംഭവത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തു. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് ഭീകരർ വാഹനത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു.