ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ബാരാമുള്ള ജില്ലയിലെ പയീന്‍ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സേനയുടെ തിരച്ചിൽ സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നാണ് തിരച്ചിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലൂടെ ഭീകരരെ വധിക്കുകയായിരുന്നു.
എകെ 47 റൈഫിളും ഒരു പിസ്റ്റളും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഭീകരരിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ വാനിഗം പയീൻ ക്രീരി മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു.