കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഗംഗാവലി നദിയിലേക്ക് വീണ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ട്രക്ക് കണ്ടെടുക്കാനുള്ള നാവികസേനയുടെ ശ്രമം 11-ആം ദിവസമായ ഇന്നും തുടരുകയാണ്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ലോറി പുഴയിൽ കണ്ടെത്താൻ സാധിച്ചെങ്കിലും ശക്തമായ മഴയും കാറ്റും പുഴയിലെ അടിയൊഴുക്കും കാരണം നേവിയുടെ സ്കൂബാ ഡൈവിങ്ങ് ടീമിന് ഇന്നലെ പുഴയിലിറങ്ങാൻ സാധിച്ചില്ല. മഴയായതിനാൽ രാത്രിയിൽ ഡ്രോൺ പരിശോധന നടന്നില്ല.
പുഴക്കടിയിലുള്ള ട്രക്കിൽ മനുഷ്യശരീരം ഉണ്ടോ, ട്രക്ക് കൊളുത്തിട്ട് വലിച്ചു കയറ്റാൻ സാധിക്കുമോ എന്നെല്ലാം നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധരാകും പരിശോധിക്കുക. ഡൽഹിയിൽ നിന്നും എത്തിച്ച ഐബോഡ് ഇന്നലെ ട്രക്കിന്റെ സ്ഥാനം വളരെ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. റോഡിൽ നിന്ന് 60 മീറ്റർ അകലെയായി 8 മുതൽ 10 മീറ്റർ ആഴത്തിലാണ് അർജുന്റെ ട്രക്കുള്ളത്. കുറഞ്ഞത് അഞ്ച് മീറ്റർ ആഴത്തിൽ ക്യാബിനും ലോറിയും വേർപെടാത്ത നിലയിലാണ് ട്രക്ക് ഉള്ളതെന്നാണ് കണ്ടെത്തൽ. നേവിയുടെ ഡൈവർമാരുടെ സംഘത്തിന് ഡങ്കി ബോട്ടുകൾ പുഴയുടെ നടുവിൽ ഉറപ്പിച്ച് നിർത്താൻ പോലും സാധിക്കാത്ത അത്ര കനത്ത കുത്തൊഴുക്കാണ് ഉള്ളത്.
അതിനിടെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഷിരൂർ ഉൾപ്പെട്ട ജില്ലയിൽ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗംഗാവലി നദിയിൽ ശക്തമായ അടിയൊഴുക്കാണ് ഉള്ളത്. ഗംഗാവലി നദി കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. അടുത്ത ദിവസങ്ങളിൽ മഴ മാറിനിൽക്കാൻ സാധ്യതയില്ല. കാലാവസ്ഥ പ്രതികൂലമായാൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ വീണ്ടും അനിശ്ചിതത്വം തുടരും.