ഇന്ന് രാവിലെ മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനം മന്ത്രി. ദൗത്യവുമായി സംഘം മുന്നോട്ട് നീങ്ങുകയാണ്, മണിമുത്താർ ചെക്‌പോസ്റ് കടന്ന് അരിക്കൊമ്പനെയും കൊണ്ട് സംഘം വനത്തിലേക്ക് പ്രവേശിച്ചു. അരിക്കൊമ്പന്റെ തുമ്പിക്കയ്യിൽ മുറിവുണ്ട്. അതിനാൽ തന്നെ അരിക്കൊമ്പൻ അല്പം ക്ഷീണിതനാണെന്നാണ് റിപോർട്ടുകൾ.
അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നുവിടരുതെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. എറണാകുളം സ്വദേശിയുടെ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം നിർദ്ദേശിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശം ഒന്നും ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് വനം മന്ത്രി മതിവേന്തൻ പ്രതികരിച്ചത്. രാവിലെ 7 മണിക്ക് അരിക്കൊമ്പനുമായി തേനിയിൽനിന്ന് പുറപ്പെട്ട സംഘം ഇടയ്ക്കിടയ്ക്ക് ആനക്ക് വെള്ളവും മറ്റും നൽകാനും വെള്ളം ശരീരത്ത് ഒഴിക്കുവാനുമായി പലയിടത്തും വാഹനം നിർത്തിയാണ് പോന്നത്. ഇടയ്ക്കു ആന ബോധാവസ്ഥയിലേക്ക് മാറുന്നതായി കണ്ടതോടെ ബൂസ്റ്റർ ഡോസും നൽകിയിരുന്നു.
ആറ് ദിവസങ്ങൾക്ക് മുൻപ് ആന കാടുവിട്ട് ഇറങ്ങി കമ്പം ജനവാസമേഖലയിൽ എത്തി പരിഭാന്തി പരത്തിയിരുന്നു. ഒരു ബൈക്ക് യാത്രക്കാരനെ തള്ളി വാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റ ആൾ പിന്നീട് മരിച്ചു. തുടർന്ന് ആനയെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചു. ശേഷം കാട്ടിലേക്ക് കയറിയ അരിക്കൊമ്പൻ ഇന്ന് പുലർച്ചെ വീണ്ടും കൃഷിയിടത്തിൽ ഇറങ്ങി. തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം.