കേരളം പെരിയാർ വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ തമിഴ്‌നാടിനും ഭീഷണി ഉയർത്തുകയാണ്. പൊതുജനങ്ങൾക്ക് അധികൃതര്‍ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
രാത്രി ജനവാസ മേഖലയിൽ ഇറങ്ങുന്ന ആന മേഘമല ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാനും ശ്രമം തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ വിരട്ടിയോടിക്കുകയായിരുന്നു. ഇവരുടെ വാഹനത്തിന് നേരെയും ആന പാഞ്ഞടുത്തു. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്.
അതെസമയം അരിക്കൊമ്പന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഘമലയിൽ വിനോദസഞ്ചാരികൾ എത്തുന്നത് തമിഴ്‌നാട് വനംവകുപ്പ് നിരോധിച്ചു. വനം വകുപ്പ് ഉന്നത ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. സർക്കാർ വാഹനങ്ങളും പ്രദേശ വാസികളുടെ വാഹനങ്ങളും മാത്രമാണ് മേഘമല ഭാഗത്തേക്ക് കടത്തിവിടുന്നത്.