മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളില്‍ ഒന്നുകൂടി ചത്തു. ബുധനാഴ്ച രാവിലെയാണ് ധാത്രി എന്ന പെണ്‍ ചീറ്റപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെ ആകെ ചത്ത ചീറ്റകളുടെ എണ്ണം 9 ആയി. പ്രൊജക്ട് ചീറ്റ എന്ന പദ്ധതി പ്രകാരം നമീബിയയില്‍ നിന്നും ദക്ഷിണ ആഫ്രിക്കയില്‍ നിന്നുമായി 20 ചീറ്റപ്പുലികളേയാണ് കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്.
പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരുള്ളത്. ആഫ്രിക്കയില്‍ നിന്നുമെത്തിച്ച മൂന്ന് ചീറ്റപ്പുലി കുഞ്ഞുങ്ങള്‍ അടക്കമാണ് ഇത്. വിവിധ കാരണങ്ങളാണ് ചീറ്റപ്പുലികളുടെ മരണത്തിന് കാരണമായി വന്യജീവി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവ തമ്മിലുള്ള ഏറ്റുമുട്ടലും വേട്ടയാടുന്നതിനിടെയുണ്ടാവുന്ന പരിക്കും അണുബാധയും എല്ലാം ഇവയുടെ മരണത്തിന് കാരണമാകുന്നുവെന്നാണ് നിരീക്ഷണം. അതേസമയം ഇവയുടെ കഴുത്തിലെ കോളറിനെതിരെയും വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നുണ്ട്.
ചീറ്റകൾ തുടര്‍ച്ചയായി ചാവുന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാർച്ച് 27 ന് സാഷ എന്ന പെൺ ചീറ്റ വൃക്കരോഗം മൂലം ചത്തിരുന്നു. ഏപ്രിൽ 23 ന് ഉദയ് എന്ന ചീറ്റയും അസുഖം മെയ് 9 ന് ദക്ഷ എന്ന പെൺ ചീറ്റ ഇണചേരൽ ശ്രമത്തിനിടെ ആൺ ചീറ്റയുടെ ആക്രമണത്തിൽലും നിർജലീകരണം കാരണം രണ്ട് ചീറ്റക്കുഞ്ഞുങ്ങളും ജൂലൈ 15 ന് സൂരജ് എന്ന ചീറ്റപ്പുലിയും കുനോ ദേശീയോദ്യാനത്തില്‍ ചത്തു.