മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി വിഭാഗം പാർട്ടിയുടെ ചിഹ്നത്തിൽ അവകാശവാദമുന്നയിച്ചേക്കും. ഇന്നത്തെ സുപ്രധാന യോഗത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം.
മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിക്ക് 53 എംഎൽഎമാരാണുള്ളത്. നിലവിൽ 24 എംഎൽഎമാർ അജിത് പവാറിനൊപ്പവും 14 എംഎൽഎമാർ ശരദ് പവാറിനൊപ്പവുമാണ്. അജിത് പവാറും എട്ട് എംഎൽഎമാരും പാർട്ടി സ്ഥാപകൻ ശരദ് പവാറിനെതിരായി ജൂലൈ 2 ന് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിൽ ചേർന്നതോടെ എൻസിപി പിളർന്നു.
പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് തെളിയിക്കാൻ ഇരു വിഭാഗങ്ങളും ഇന്ന് സുപ്രധാന യോഗങ്ങൾ നടത്തും.മുംബൈയിൽ നടക്കുന്ന സുപ്രധാന യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എല്ലാ എംഎൽഎമാർക്കും വിപ്പ് നൽകിയപ്പോൾ, അജിത് പവാർ വിഭാഗം നിലവിലുള്ള, മുൻ നിയമസഭാംഗങ്ങൾ, പാർലമെന്റംഗങ്ങൾ, ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർക്ക് നോട്ടീസ് നൽകി.