ഡൽഹിയിൽ വായു മലിനീകരണം അതിഭീകരമായി തുടരുകയാണ്. നിലവിലെ ഗുരുതരമായ സാഹചര്യത്തിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ഒരുക്കത്തിലാണ് ഡൽഹി സർക്കാർ. പരീക്ഷണാടിസ്ഥാനത്തിൽ നവംബർ 20, 21 തീയതികളിൽ രാജ്യ തലസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാനാണ് നീക്കം നടക്കുന്നത്. ഐഐടി കാൺപൂരുമായി സഹകരിച്ചാണ് ഡൽഹി സർക്കാർ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ചുള്ള മുഴുവൻ പദ്ധതി രേഖകളും ഡൽഹി സർക്കാർ സുപ്രീംകോടതിക്കു മുന്നാകെ സമർപ്പിക്കും. പദ്ധതിയിൽ സഹകരിക്കാൻ കേന്ദ്രസർക്കാരിനോടും ഡൽഹി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചാൽ, നവംബർ 20-21 തീയതികളിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുന്ന ആദ്യ പൈലറ്റ് പ്രൊജക്റ്റ് ഐഐടി കാൺപൂരിൻ്റെ നേതൃത്വത്തിൽ പ്രാവർത്തികമാകും എന്നാണ് പ്രതീക്ഷ.
അതേസമയം പരീക്ഷണാടിസ്ഥാനത്തിൽ കൃത്രിമ മഴ പെയ്യിച്ച് പഠനം നടത്തുന്നതിലേക്കായി ഡൽഹി സർക്കാർ മുടക്കുന്നത് കോടികളാണ്. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള കൃത്രിമ മഴയ്ക്കായി 13 കോടി രൂപ ചെലവ് വഹിക്കാൻ തയ്യാറാണെന്ന് ഡെൽഹിയിലെ കെജരിവാൾ സർക്കാർ അറിയിച്ചു. കൃത്രിമം മഴ പെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സുപ്രീം കോടതിയിൽ വാദം കേൾക്കുന്നതിന് മുമ്പ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഡൽഹി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.
അതേസമയം കൃത്രിമ മഴ പെയ്യിക്കാൻ കുറഞ്ഞത് 40 ശതമാനം മേഘങ്ങളെങ്കിലും ആവശ്യമാണെന്ന് ഐഐടി കാൺപൂർ അറിയിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറയുന്നു. മേഘങ്ങൾ ഈ പറഞ്ഞ കണക്കിന് താഴെയാണെങ്കിൽ മഴ പെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആകാശത്ത് കുറഞ്ഞത് 40 ശതമാനം മേഘങ്ങളുണ്ടെങ്കിൽ മാത്രമേ മഴ പെയ്യിക്കാൻ കഴിയുകയുള്ളു. നവംബർ 20 മുതൽ 21 വരെ ഡൽഹിയിൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഐഐടി കാൺപൂർ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡൽഹി സർക്കാർ ഈ ദിവസങ്ങൾ തിരഞ്ഞെടുത്ത് കൃത്രിമ മഴ പെയ്ക്കാനുള്ള പദ്ധതി പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നത്.
ഡൽഹി നിവാസികൾ വിഷം കലർന്ന വായു ശ്വസിച്ചു തുടങ്ങിയിട്ട് ദിവസങ്ങളായി. കൃത്രിമ മഴ പെയ്യി ക്കുന്നതിനായി നവംബർ 15നകം കേന്ദ്രസർക്കാരിൻ്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും അനുമതി ആവശ്യമുണ്ടെന്നും ഡൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 20, 21 തീയതികളിൽ കൃത്രിമ മഴയുടെ ആദ്യഘട്ട പരീക്ഷണം നടത്താൻ സാധിക്കുമെന്നാണ് ഡൽഹി സർക്കാരിൻ്റെ വിലയിരുത്തൽ.