കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പിപി ദിവ്യ എത്തിയിരുന്നു. ദിവ്യയെ കേസിൽ പ്രതിചേര്‍ക്കാനാണ് പൊലീസിന്‍റെ തീരുമാനം. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്.
നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരിക്കും ദിവ്യയെ പ്രതി ചേര്‍ക്കുക. പത്തുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ദിവ്യക്കെതിരെ കേസെടുക്കുക. ആത്മഹത്യയിൽ പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. മരണത്തിലേക്ക് നയിച്ചത് ഗൂഢാലോചനയുടെ ഫലമാണെന്നാരോപിച്ച് സഹോദരൻ പരാതി നൽകി. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ ഭീഷണിയും ടി.വി. പ്രശാന്തനുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയെ തുടർന്നുണ്ടായ സംഭവവുമാണ് എ.ഡി.എം. കെ. നവീൻ ബാബുവിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹോദരൻ കെ. പ്രവീൺ ബാബു നൽകിയ പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ച് കണ്ണൂർ സിറ്റി പോലീസിലാണ് പരാതി നൽകിയിട്ടുള്ളത്.
വ്യാഴാഴ്ച രാവിലെയാണ് എഡിഎമ്മിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്‍റെ തിങ്കളാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ക്ഷണിക്കാതെ എത്തിയാണ് യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ ദിവ്യ രംഗത്തെത്തിയത്. ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം അത് പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയര്‍ത്തിയത്. ഉദ്യോഗസ്ഥര്‍ സത്യ സന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പി പി ദിവ്യ വേദിയില്‍ പറഞ്ഞിരുന്നു.അതേസമയം പി പി ദിവ്യയുടെ പരാമര്‍ശം സിപിഐഎം ജില്ലാ നേതൃത്വം തള്ളി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണെന്നും തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ നേതൃത്വം പറഞ്ഞിരുന്നു. തനിക്ക് കണ്ണൂരില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് പറഞ്ഞു കൊണ്ട് നവീന്‍ ബാബു സുഹൃത്തിനയച്ച സന്ദേശവും പുറത്ത് വന്നിരുന്നു. കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റത്തിന് ശ്രമിച്ചെങ്കിലും സ്വന്തം സര്‍വീസ് സംഘടന സഹകരിച്ചില്ലെന്നും വാട്‌സ്ആപ് സന്ദേശത്തിലുണ്ട്. തന്നെ പത്തനംതിട്ട എഡിഎമ്മാക്കാന്‍ സിപിഐക്കാര്‍ തയ്യാറായി. എന്നാല്‍ സ്വന്തം സംഘടന താന്‍ അറിയാതെ ഇടപെട്ടെന്നാണ് സന്ദേശത്തിലുള്ളത്.