എഡിജിപി എം ആര്‍ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംസ്ഥാന പൊലീസ് മേധാവി എസ് ദര്‍വേഷ് സാഹിബ് 2025 ജൂലൈ 1ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കുക. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് അജിത് കുമാറിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് അജിത് കുമാർ അടക്കമുളളവരുടെ സ്ഥാനക്കയറ്റം ശുപാർശ ചെയ്തത്. ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റത്തിനായിരുന്നു ശുപർശ. അന്വേഷണം നേരിടുന്നത് സ്ഥാനകയറ്റത്തിന് തടസ്സമല്ലെന്നായിരുന്നു ശുപാർശ. സുരേഷ് രാജ് പുരോഹിത്, എംആർ അജിത് കുമാർ എന്നിവരുടെ സ്ഥാനകയറ്റ ശുപാർശയാണ് ക്യാബിനറ്റ് അംഗീകരിച്ചത്.
തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവുമുണ്ട്. എന്നാല്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതുകൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് വിവിധ സുപ്രീംകോടതി വിധികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റ ശുപാര്‍ശ നല്‍കിയത്. കോടതിയില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്ത് വിചാരണയ്ക്കു കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്‌പെന്‍ഷനില്‍ നില്‍ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ചട്ടമുള്ളൂവെന്നും ചീഫ് സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.