നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി ഹൈക്കോടതി. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നുണ്ട്. അപ്പീൽ നൽകുന്നതിന് ഡി.ജി.പിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശിപാർശ സർക്കാർ നേരത്തെ അംഗീകരിച്ചിരുന്നു. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയക്കുക. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സർക്കാർ സമര്‍പ്പിച്ചത്.
കേസിലെ ഏഴു മുതൽ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. എട്ടാം പ്രതിയായ ദിലീപിനെയും കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. അതേസമയം, വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അടക്കം ആറു പ്രതികളെയാണ് ശിക്ഷിച്ചത്. ഇതിൽ ഒന്നാം പ്രതി പൾസർ സുനി അപ്പീൽ നൽകിയിട്ടുണ്ട്. കൂടാതെ മാർട്ടിൻ, വടിവാൾ സലിം, പ്രദീപ് എന്നിവരും അപ്പീൽ നൽകിയിട്ടുണ്ട്. കേസിലെ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെയാണ് കോടതി 20വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു.
കേസ് പരിഗണിച്ചപ്പോൾ സുപ്രധാന ഡിജിറ്റൽ തെളിവുകൾ പരിഗണിക്കാതെ നിസാരമായി തള്ളിയെന്ന വാദമാണ് അപ്പീലിൽ പ്രധാനമായും ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന്റെ വീട്ടിലെത്തിച്ചു എന്നതായിരുന്നു സംവിധായകൻ ബാലൻചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. അത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും ഉണ്ട് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദിലീപിന്റെ ഫോണിൽ നിന്ന് ഈ ദൃശ്യങ്ങളടങ്ങുന്ന തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഇത് വിചാരണ കോടതി വേണ്ട വിധത്തിൽ പരിഗണിച്ചിട്ടില്ല എന്ന കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.

